മലപ്പുറം: മലബാറിന്റെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാര്‍ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാര്‍ഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളില്‍ വന്‍ നേട്ടം സാധ്യമാക്കുകയും ചെയ്യുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന്. വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി നാടിനു സമര്‍പ്പിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ പൊന്നാനി, തിരൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന ചമ്രവട്ടം പാലം ജില്ലയുടെ അരനൂറ്റാണ്ടുകാലത്തെ ആവശ്യമാണ്. 1977ല്‍ ഭരണാനുമതി ലഭിച്ചശേഷം പലവട്ടം തറക്കല്ലിട്ടെങ്കിലും പദ്ധതി മുടങ്ങിയിരുന്നു.
ഒടുവില്‍ 2009 ഓഗസ്റ്റ് 13ന് തുടങ്ങിയ നിര്‍മാണം 33 മാസംകൊണ്ടാണ് പൂര്‍ത്തിയായത്. ജലസേചനവകുപ്പിനു കീഴിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജ്, ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായ ബൃഹത് പദ്ധതി എന്നീ വിശേഷണങ്ങള്‍ ചമ്രവട്ടത്തിനു സ്വന്തം. പാലത്തിന് 978 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്ററാണ് ഉയരം. കുറ്റിപ്പുറം പാലംവരെ 13 കിലോമീറ്റര്‍ ജലസംഭരണിയായി മാറും. പാലത്തിന്റെ ഇരുഭാഗത്തുമായി 612 മീറ്റര്‍ അനുബന്ധ റോഡ് നിര്‍മിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. റഗുലേറ്റര്‍ കം ബ്രിഡ്ജും അനുബന്ധ റോഡുകളും ഉള്‍പ്പെടെ 154 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയായത്. ഇതില്‍ 95.13 കോടി രൂപ നബാര്‍ഡ് സഹായമാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതുവഴി തിരൂര്‍, പൊന്നാനി താലൂക്കുകളിലെ 9,659 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചനസൗകര്യം ലഭിക്കും. കടലില്‍നിന്ന് ഉപ്പുവെള്ളം കയറി ശുദ്ധജലം-ജലസേചനസ്രോതസ്സുകള്‍ മലിനപ്പെടുന്നതിനും പരിഹാരമാകും.
കൊച്ചി-കോഴിക്കോട് ദൂരത്തില്‍ നിലവിലുള്ള തൃശൂര്‍-എടപ്പാള്‍ മാര്‍ഗത്തേക്കാള്‍ 35 കിലോമീറ്റര്‍ കുറവും ഒന്നര മണിക്കൂര്‍ സമയലാഭവും ചമ്രവട്ടം പാലത്തിന്റെ സവിശേഷതയാണ്. എന്നാല്‍, മേഖലയിലെ വീതികുറഞ്ഞ റോഡുകളും താനൂര്‍, പരപ്പനങ്ങാടി റയില്‍വേ ഗേറ്റുകളും കുരുക്കാകുമോയെന്ന ആശങ്കയുണ്ട്. പാലംവഴി കെഎസ്ആര്‍ടിസി കോഴിക്കോട്-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, കോഴിക്കോട്-ഗുരുവായൂര്‍ ടൗണ്‍ ടു ടൗണ്‍, പൊന്നാനി-തിരൂര്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊന്നാനി നരിപ്പറമ്പില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് ആധ്യക്ഷ്യം വഹിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുക്കും.
Discussion about this post