തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. 77,000 പേര്‍ മെഡിക്കലും ഒരുലക്ഷത്തി ആറായിരം പേര്‍ എന്‍ജിനീയറിങും പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ട്. സ്വാശ്രയ പ്രവേശം സംബന്ധിച്ച് ഏകദേശ വ്യക്തത നിലവില്‍ വന്ന സാഹചര്യത്തിലാണ് പ്രവേശ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത്.
പൊതു പരീക്ഷയെ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും സഹകരണ മേഖലയിലെ രണ്ടും 11 സ്വകാര്യ സ്വാശ്രയ കോളജുകളും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴില്‍ നാല് മെഡിക്കല്‍ കോളജുകളുമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 750 ഉം സഹകരണ മേഖലയില്‍ 200ഉം എംബിബിഎസ് സീറ്റുകളുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴില്‍ 400, സ്വാശ്രയ മേഖലയില്‍ 1200 ഉം സീറ്റുകളീണുള്ളത്. ഇവയുടെ 50 ശതമാനം സര്‍ക്കാരിന് കൈമാറും. കാത്തലിക് മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള 12 എന്‍ജിനിയറിങ് കോളജുകളില്‍ 6000 സീറ്റുകളും 93 സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 55,000 സീറ്റുകളുമാണുള്ളത്.
ഇവയിലെ 50 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനവും പ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നാവും. ഇത് കൂടാതെ സഹകരണ മേഖലയില്‍ ഏഴും ഐഎച്ച്‌ഐഡിക്ക് കീഴില്‍ ഒന്‍പതും മൂന്നും എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളുമാണുള്ളത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ 25,000 വും 1,50,000 വും ആയിരിക്കും ഫീസ്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ മെഡിക്കല്‍ കോളജുകളിലെ ഫീസ് 3.75 ലക്ഷമാണ്. എന്‍ജിനീയറിങ്ങിന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലെ സര്‍ക്കാര്‍ സീറ്റുകളില്‍ 40,000, 65,000 എന്നിങ്ങനെയാണ് ഫീസ് നിരക്ക്. കാത്തലിക്ക് മാനേജ്‌മെന്റ് എന്‍ജിനിയറിങ് കോളജുകളില്‍ 75,000 രൂപയാണ് ഫീസ്.
77,974 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി, 1,06,071 പേര്‍ എന്‍ജിനീയറിങും എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുണ്ട്. സ്വാശ്രയ കോളജുകളിലെ സീറ്റ്, ഫീസ് എന്നിവ സംബന്ധിച്ച് ഏകദേശ ധാരണയില്‍ എത്താന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായിട്ടുണ്ട്. അതേ സമയം, ഫീസ് വര്‍ധനക്ക് സര്‍ക്കാര്‍ വഴങ്ങി എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റും എന്‍ജിനീയറിങിന്റെ യോഗ്യതാ പട്ടികയുമാണ് പ്രഖ്യാപിക്കുക. പ്ലസ് 2 മാര്‍ക്കു കൂടി ചേര്‍ത്താണ് എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റിന് അന്തിമരൂപം നല്‍കുക.
Discussion about this post