കോഴിക്കോട്: അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞുകൊണ്ട് സി.പി.എം നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. കൊലയാളികളെ കണ്ടുപിടിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ പരിശ്രമങ്ങളെയും പാര്‍ട്ടി പിന്തുണയ്ക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതും ശരിയായ നടപടിയല്ല. ഇതിനെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വിഎസ്.
പണ്ട് തങ്ങള്‍ ഒളിവില്‍ പോയത് തൊഴിലാളികള്‍ക്കുവേണ്ടിയാണ്. കോണ്‍ഗ്രസുകാരുടെയും ബ്രിട്ടീഷുകാരുടെയും വാറണ്ടുകള്‍ തോല്‍പിച്ച് ജനങ്ങളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം സമരങ്ങള്‍ വിജയിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമനുസരിച്ച് ഒളിവില്‍ പോയത്. എന്നാല്‍ കൊലപാതക രാഷ്ട്രീയം സംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറഞ്ഞ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഒളിപ്പോയത് എന്തിനാണെന്ന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സി.പി.എം വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post