വടകര: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ടി.കെ രജീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രജീഷിനെ പോലീസ് വടകര കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതിനാലാണ് മജിസ്‌ട്രേറ്റ് ഈ മാസം 22 വരെ റിമാന്റ് ചെയ്തത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് രജീഷിനെ കോടതിയില്‍ ഹാജരാക്കിയത്.
നേരത്തെ ചോദ്യംചെയ്യലില്‍ ടി.പിയെ വധിച്ചത് പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നെന്ന് തലശ്ശേരി സ്വദേശി ടി.കെ രജീഷ് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് പോലീസ് പിടികൂടിയ രജീഷ് പ്രത്യേക അന്വേഷണ സംഘത്തിന് ഇങ്ങനെ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ടി.പിയെ വധിക്കാന്‍ പണം വാങ്ങിയിട്ടില്ല. ഇതൊരു ക്വട്ടേഷനുമായിരുന്നില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് ഇത് ചെയ്തത്. മുന്‍പ് മൂന്ന് തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും രജീഷ് വ്യക്തമാക്കിയതായാണ് വിവരം.
Discussion about this post