തിരുവനന്തപുരം: ജ്‌ഞാനപീഠ പുരസ്‌കാര ജേതാവ് കവി ഒഎന്‍വി കുറുപ്പിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്‌മള സ്വീകരണം. ദുബായില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ഒഎന്‍വിയെ സാംസ്‌കാരിക മന്ത്രി എം.എ.ബേബി, മന്ത്രി എം.വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍കൊണ്ട് നല്‍കിയ സ്വീകരണത്തിന് പകരമായി സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍ മാത്രമാണു തനിക്കു നല്‍കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എവിടെ ഒരു മലയാളിയുണ്ടോ അവിടെ തനിക്ക് ഒരിടം ഉണ്ടെന്നാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട കവിയെ സ്വീകരിക്കാന്‍ കവയിത്രി സുഗതകുമാരി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും ശിഷ്യരും ആരാധകരുമായി വന്‍ ജനക്കൂട്ടമാണ് എത്തിയത്. വിവിധ സ്‌കൂളുകളില്‍ നിന്നു കോളജുകളില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനികള്‍ അദ്ദേഹത്തിനു പൂക്കള്‍ കൈമാറി.
ഒഎന്‍വിയുടെ ജ്‌ഞാനപീഠ പുരസ്‌കാര ദാനചടങ്ങ് കേരളത്തില്‍ വച്ചു തന്നെ നടത്തണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എം.എ.ബേബി പറഞ്ഞു. പ്രഥമ ജ്‌ഞാനപീഠം 1965ല്‍ മഹാകവി ജി. ശങ്കരക്കുറുപ്പിനു ലഭിച്ചശേഷം ആദ്യമായാണു മലയാള കവിതയെത്തേടി ഇന്ത്യന്‍ സാഹിത്യലോകത്തെ പരമോന്നത പുരസ്‌കാരമെത്തുന്നത്. ജ്‌ഞാനപീഠം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് ഒഎന്‍വി.
Discussion about this post