Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഭൂമിയിലെ വൈകുണ്ഠം – ഗുരുവായൂര്‍

by Punnyabhumi Desk
Jun 13, 2012, 01:04 pm IST
in സനാതനം

എസ്.എന്‍.പോറ്റി. തഴവാ

ദക്ഷിണദ്വാരകയെന്ന അപരനാമം കൂടിയുള്ള ഭൂമിയിലെ വൈകുണ്ഡം സ്ഥിതി ചെയ്യുന്നത് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിലാണ്.
ഭാരതത്തിലെ പ്രസിദ്ധങ്ങളായ ചില മഹാക്ഷേത്രങ്ങളുമായി പറയത്തക്ക സവിശേഷതകള്‍ ഉള്‍ക്കൊണ്ടതാണ് ഗുരുവായൂര്‍ക്ഷേത്രം. ഗുരുവായൂര്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ തന്നെ ഭക്തന്മാരുടെ ഹൃദയത്തില്‍ നിറഞ്ഞുനില്ക്കുന്നത് പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനാണ്.

ഭൂമിയിലെ വൈകുണ്ഠം അഥവാ ദക്ഷിണദ്വാരക എന്ന അപരനാമം കൂടിയുള്ള ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് താലൂക്കിലാണ്. ഇതിന്റെ പഴക്കവും ആദിചരിത്രവും വ്യക്തമാക്കുന്ന രേഖകളൊന്നുമില്ല. അനുഭവകഥകളിലും ഐതിഹ്യത്തിലും ആഴത്തില്‍ വേരോടിയിട്ടുള്ള ഈ ദേവസ്ഥാനത്തെ സംബന്ധിച്ച് ‘ശ്രീ നാരദീയ പുരാണ’ത്തിലെ ഗുരുവായൂപുര മഹാത്മ്യത്തില്‍ പ്രസ്താവിക്കുന്നുണ്ട്.

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് പൂജിച്ചിരുന്ന ബിംബമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണുന്നത്. ‘പത്മകല്പ’ത്തിന്റെ ആരംഭത്തില്‍ മഹാവിഷ്ണു ഈ ബിംബം ബ്രഹ്മാവിനു നല്‍കി. സന്താന സൗഭാഗ്യമില്ലാതിരുന്ന ‘പൃശ്‌നി’ക്കും ‘സുതവ’യക്കും ഈ ബിംബം ബ്രഹ്മാവ് ആരാധനയ്ക്കായി നല്‍കി. വിഷ്ണുഭഗവാന്‍ മൂന്നുപ്രാവശ്യം പൃശ്‌നി ദമ്പതികള്‍ക്കു ദര്‍ശനം നല്‍കി അവരെ അനുഗ്രഹിച്ചു. ഓരോ തവണ ദര്‍ശനം നല്‍കിയപ്പോഴും ഓരോ ജന്മത്തില്‍ താന്‍ അവരുടെ സന്താനമായി ജന്മമെടുക്കുന്നതാണെന്നു കൂടി പറഞ്ഞു.

കംസവതാരാനന്തരം ശ്രീകൃഷ്ണന്‍ ദ്വാരക അധീനപ്പെടുത്തി ഒരു ശ്രീകോവില്‍ പണിയിച്ച് അതിവിശിഷ്ടമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചു. ഭഗവാന്റെ സ്വര്‍ഗാരോഹണസമയത്ത് പരമഭക്തനും പണ്ഡിതനുമായ ഉദ്ധവര്‍ക്കു വിഷ്ണുവിഗ്രഹം കൃഷ്ണന്‍ സമ്മാനിച്ചു.

കലിയുഗത്തിന്റെ അവസാനം കടലാക്രമണത്തിനു വിധേയമായ ദ്വാരക നഗരത്തിലുണ്ടായിരുന്ന ഈ വിഗ്രഹം വരുണന്‍ കൈവശത്തിലായി. ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുവും കൂടി വരുണനോട് അഭ്യര്‍ത്ഥിക്കുകയാല്‍ അദ്ദേഹം അത് സസന്തോഷം അവര്‍ക്കു നല്‍കി.

പ്രതിഷ്ഠയ്ക്കു യോഗ്യമായൊരു സ്ഥലം തേടി മഗധം, പാഞ്ചാലം, കോസലം, അംഗം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുവും വായുവും കൂടി സഞ്ചരിക്കുമ്പോള്‍ ശ്രീ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ഇപ്പോഴത്തെ ഗുരുവായൂര്‍ എന്ന സ്ഥലം ബിംബ പ്രതിഷ്ഠയ്ക്ക് ഉചിതമാണെന്നു നിര്‍ദ്ദേശിച്ചു. പ്രചേതസ്സുകള്‍ തപസ്സനുഷ്ഠിച്ചിരുന്ന ഈ പവിത്ര ഭൂമിയില്‍ വച്ചാണ് പരമശിവന്‍ ‘രുദ്രഗീതം’ ഉപദേശിച്ചത്. തൊട്ടടുത്ത മമ്മിയൂരേക്കു സ്ഥലം മാറുവാന്‍ പരമശിവന്‍ തീര്‍ച്ചയാക്കി.

ശിവന്റെ സാന്നിദ്ധ്യത്തില്‍ ഗുരുവും വായുവും കൂടി മഹാവിഷ്ണു വിഗ്രഹം പ്രതിഷ്ഠിച്ചു. ഇതു സംബന്ധിച്ചുള്ള ക്രിയകള്‍ പൂയം നാളില്‍ തുടങ്ങി അനിഴം നാളില്‍ അവസാനിച്ചതായി കാണുന്നു.

ഭക്തിയുടെ തിരുനട
ഗുരുവായൂരമ്പലത്തില്‍ നിന്നും ഏകദേശം 2 ഫര്‍ലോങ്ങ് കിഴക്കുമാറിയാണ് മഞ്ജുളാല്‍ത്തറ. 1970ലെ അഗ്നിബാധയ്ക്കു ശേഷം ഈ മഹാക്ഷേത്രത്തിനു പൊതുവേ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍ ഒന്നൊന്നായി മാറ്റി പുതിയ കെട്ടിടങ്ങള്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.

ശ്രീകോവിലിനു രണ്ടു തട്ടുകളാണുള്ളത്. മുന്‍പ് ചെമ്പുമേഞ്ഞിരുന്ന ശ്രീകോവിലാകട്ടെ ഇപ്പോള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നു. ചുവര്‍ ചിത്രങ്ങളാല്‍ അലങ്കൃതമായ ചുവരുകളും കൊത്തുപണികളും സ്വര്‍ണ്ണ ശ്രീകോവിലിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊ:വ: 1930-ലെ ഒരു രേഖ അനുസരിച്ച് ഒന്നിലധികം പ്രാവശ്യം ശ്രീകോവിലിന് പുതിക്കി പണികള്‍ നടത്തിയിട്ടുള്ളതായി കാണുന്നു.

സാമാന്യം വലിയ നടപ്പുരയ്ക്കുള്ളില്‍ ഗുരുവായൂരപ്പന്റെ പല വലിപ്പത്തിലുള്ള ചിത്രങ്ങള്‍ കാണാം. ഇവയെല്ലാം ഓരോ ഭക്തന്മാരുടെ വഴിപാടുകളായി സമര്‍പ്പിച്ചിട്ടുള്ളവയാണ്. യമന്‍, ദക്ഷിണാമൂര്‍ത്തി, വീരഭദ്രന്‍, ശാസ്താവ്, സപ്തമാതൃക്കള്‍ എന്നിവര്‍ തെക്കും, ഗണപതി തെക്കുപടിഞ്ഞാറും സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, വായു, വൈശ്രവണന്‍, വഹ്നി, സോമന്‍ എന്നിവര്‍ വടക്കു ഭാഗത്തും സ്ഥിതചെയ്യുന്നു. കിഴക്കുവശം നടയ്ക്കുനേരെയുള്ള വലിയ ബലിക്കല്ല് ദ്വാരപാലകനായ ഹരി സേനന്‍ ധ്വജപാലന്‍ എന്നിവരേയും ധ്വജസ്തംഭത്തിനു വടക്കു മാറിയുള്ള രണ്ടു ചെറിയ ബലിക്കല്ലുകള്‍ ഗുരു-വായു എന്നിവരേയും പ്രതിനിധീകരിക്കുന്നു.

ശ്രീകോവിലിനു പടിഞ്ഞാറുള്ള ഹാളിനുള്ളില്‍ ചന്ദനം അരയ്ക്കുന്നതിനും മറ്റും സൗകര്യപ്പെടുത്തിയിരിക്കുന്നു. ഇതിനു കിഴക്കുവശം കാണുന്ന നൃത്ത മെന്ന മുറിയിലാണ് വില്വമംഗലം സ്വാമിയാര്‍ ധ്യാനനിരതനായി കഴിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ വടക്കു കിഴക്കാണ് രുദ്രകൂപം. ഇതിന്റെ നിര്‍മ്മിതാവ് വരുണനെന്ന് ഐതിഹ്യം.

തെക്കുകിഴക്കായി കൂത്തമ്പലം, പടിഞ്ഞാറേ ഗോപുരത്തില്‍ രണ്ടുവശങ്ങളിലുമായി ഓഫീസുകെട്ടിടങ്ങള്‍, വടക്കുവശം അഗ്രശാല, കളപ്പുര, പ്രസാദവിതരണസ്ഥലം, അഗ്രശാലയുടെ കിഴക്കുവശം ദേവീക്ഷേത്രം എന്നിവ ദര്‍ശിക്കാം.

കിഴക്കും, പടിഞ്ഞാറും വശങ്ങളിലുള്ള രണ്ടുനില ഗോപുരങ്ങള്‍, വിവാഹമണ്ഡപത്തിന്റെ പടിഞ്ഞാറുവശം കാണുന്ന ദീപസ്തംഭം എന്നിവയുമുണ്ട്. തിരുവിതാംകൂറിലെ ഒരു മഹാറാണി 1011-ല്‍ വഴിപാടായി സ്ഥാപിച്ചതാണ് ഈ വിളക്ക്. പണിക്കവീട്ടില്‍ ഇട്ടിരാച്ചിമേനോന്‍ എന്നഭക്തന്‍ 922-ല്‍ പടിഞ്ഞാറേ ഗോപുരത്തിന്റെ പുതുക്കിപണികള്‍ നടത്തിച്ചതായും അറിയുന്നു.

ഗുരുവായൂരും മമ്മിയൂരും
പെരുമാക്കന്മാര്‍ ശിവക്ഷേത്രങ്ങള്‍ ഉദ്ധരിക്കുന്നതിനും അത്തരം ക്ഷേത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിച്ചരുന്നതിനാല്‍ ഗുരുവായൂരപ്പനെ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ സമയം കിട്ടിയിരുന്നില്ല.

ഒരു സായംകാലം. വിശന്നു തളര്‍ന്ന ഒരു ബ്രാഹ്മണന്‍ ആ രാത്രിയില്‍ അവിടെ എത്തി. ഊണു വിട്വാ കിട്ടുക’…! ഇതായിരുന്നു യാത്രികന്റെ ശ്രദ്ധ.

മമ്മിയൂരിലെ ഒരു നമ്പൂതിരി അദ്ദേഹത്തോടു പറഞ്ഞു. ‘ദാ, അവിടെ ഗുരുവായൂരില്‍ ചെന്നാല്‍ മതി ഭക്ഷണം കിട്ടും. അവിടെ ചെന്നു വിളിച്ചോളൂ!!
‘ ഉവ്വോ’ നമ്പൂതിരിക്ക് അത്ഭുതമായി.
ആരെയാ വിളിക്ക്വാ….
‘കൃഷ്ണായെന്നു വിളിക്കണം.
മമ്മിയൂര്‍ക്കാരന്റെ ഉപദേശം

ആ ബ്രാഹ്മണന്‍ ഗുരുവായൂരമ്പല നട ലക്ഷ്യമാക്കി നടന്നു. അവിടെ എത്തിയപ്പോഴേക്കും നട അടച്ചിരുന്നു.

കൃഷ്ണന്‍ അകത്തുണ്ടോ?
ഉണ്ടല്ലോ…. നമ്പൂതിരി അകത്തേക്കു വന്നോളൂ…
ദീപവുമായി സുസ്‌മേരവദനനായ ഒരു നമ്പൂതിരിക്കുട്ടി നട തുറന്നു.

വഴിയാത്രക്കാരന്‍ നമ്പൂതിരി കുളികഴിഞ്ഞുവന്നപ്പോള്‍ ഉണ്ണി ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞു. വാതില്‍മാടത്തിലിരുന്ന് നമ്പൂതിരി ഉണക്ക ചോറും തൈരുകൂട്ടി ഊണുകഴിച്ചു.

മമ്മിയൂര്‍ ക്ഷേത്രത്തില്‍ ഞാന്‍ പോയിരുന്നു. ഇവിടെ വന്നാല്‍ ഭക്ഷണത്തിനു കുഴപ്പമില്ലെന്ന് ഒരാള്‍ പറഞ്ഞു. ഇവിടെ ഐശ്വര്യം എക്കാലവും നിലനില്ക്കട്ടെ….! ഉണ്ണീ ഞാന്‍ യാത്രയാവുകയാണ്.

നന്ദിപൂര്‍വ്വം അദ്ദേഹം യാത്ര പറഞ്ഞു. അന്നുമുതല്‍ മമ്മിയൂര്‍ ക്ഷേത്രം അധോഗതിയിലേക്കും ഗുരുവായൂര്‍ ഐശ്വര്യത്തിലേക്കും നീങ്ങി.

ഗുരുവായൂരപ്പന്‍ ഊണു കഴിച്ചകഥ
ഒരവസരത്തില്‍ മേല്‍ശാന്തിക്ക് അത്യാവശ്യമായി ഒരു സ്ഥലംവരെ പോകണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള തന്റെ മകനെ ഗുരുവായൂരപ്പനെ പൂജിക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ട് അദ്ദേഹം യാത്രയായി.

നിവേദ്യസമയത്ത് ഭഗവാന്‍ എന്താണ് ചലനമില്ലാതിരിക്കുന്നതെന്നായിരുന്നു ഉണ്ണി നമ്പൂതിരിയുടെ ചിന്ത എത്ര വിളിച്ചിട്ടും ഭഗവാന്‍ അനങ്ങുന്നില്ല.

ഭക്തിപൂര്‍വ്വം ‘പ്രാണാഹൂതി’ നടത്തി. എന്നിട്ടും ഉരുളിയിലെ നിവേദ്യം അതുപോലെ തന്നെ ബാക്കി. തൈരും കണ്ണിമാങ്ങയും ചോറും ഭഗവാനു പ്രിയമാണെന്നു ഉണ്ണി കേട്ടിട്ടുണ്ട്. ഉടനെ അതു കൂടി ഉള്‍പ്പെടുത്തി നിവേദിച്ചു. അപ്പോഴും ചോറു ബാക്കി തന്നെ. ഉണ്ണിക്കു സങ്കടമായി. ആ പാവം ഭഗവാന്റെ പാദത്തില്‍ കെട്ടിപിടിച്ചു കരഞ്ഞു. ഗുരുവായൂരപ്പന്‍ ഉണ്ടില്ലെന്നറിഞ്ഞാല്‍ അച്ഛന്‍ തന്നെ അടിക്കും. ‘… ഉണ്ണി കണ്ണാ… ചോറുണ്ണ്’ ഇല്ലെങ്കില്‍ അച്ഛന്‍ വരുമ്പോള്‍ എന്നെ അടിക്കും.

ഗുരുവായൂരപ്പന്‍ എത്രനേരം ഉണ്ണി നമ്പൂതിരിയുടെ കണ്ണുനീരു കാണും. ഉരുളിയിലെ കണ്ണിമാങ്ങയും തൈരും ഉണക്കുചോറും ഒക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു.

ഉണ്ണിക്കു സന്തോഷമായി. ഭഗവാന്‍ ഉണ്ടല്ലോ അതു മതി.
നട തുറന്നു.
ഉരുളി പുറത്തേക്ക് എടുത്തുവച്ചു. ഒറ്റുവറ്റുപോലും ഉരുളിയില്‍ ബാക്കിയില്ല. കഴകക്കാരന്‍ വാര്യര്‍ക്ക് ദേഷ്യമായി.

‘ഉണ്ണി നമ്പൂതിരി… നിവേദ്യം….?
ഒട്ടും ബാക്കിയില്ലാതെ അകത്തിരുന്ന് ഉണ്ടുവോ?

‘ഉണ്ടു’ ഞാനല്ല, ഭഗവാന്‍ ഗുരുവായൂരപ്പന്‍!!
എന്ത്?
അതെ’
പച്ചക്കള്ളം! അച്ഛന്‍ മ്പൂതിരി ഇങ്ങു വരട്ടെ. ആരാണ് ഉണ്ടതെന്ന് അപ്പോള്‍ തെളിയും.
അദ്ദേഹം വന്നപ്പോള്‍ ഉണ്ണി നിവേദ്യം ഭക്ഷിച്ച കഥ വാര്യര്‍ പറഞ്ഞു. ദേഷ്യം തോന്നി നമ്പൂരിതരി ഉണ്ണയെ നല്ലപോലെ അടിച്ചു.

ഉടനെ ശ്രീകോവിലില്‍ നിന്നും അശരീരി ഉണ്ടായി…. ‘ഞാന്‍ തന്നെയാണ് നിവേദ്യം ഉണ്ടത്…. അതിന് ഉണ്ണിയെ അടിക്കേണ്ടാ’!

മേല്പ്പത്തൂരും നാരായണീയവും
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന മേല്പത്തൂര്‍ നാരായണഭട്ടതിരിക്ക് വാതരോഗത്തിന്റെ ആധിക്യം അനുഭവപ്പെട്ടു. രോഗശമനത്തിന് എന്തുമാര്‍ഗ്ഗമാണുള്ളതെന്നറിയുവാന്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ അടുത്തേക്ക് ഒരാളിനെ അയച്ചു.

മത്സ്യം തൊട്ടുകൂട്ടുവാന്‍ ഭട്ടതിരിയോടു പറഞ്ഞേക്ക്! എന്നായി എഴുത്തച്ഛന്‍.
‘മത്സ്യം തൊട്ടുകൂട്ടാനോ’…?
‘അതെ’
മത്സ്യാവതാരം മുതല്‍ക്കുള്ള ഭഗവാന്റെ അവതാരകഥകളെ സ്തുതിച്ചുകൊണ്ട് മേല്പത്തൂര്‍ ഭട്ടതിരി നാരായണീയം എന്ന സംസ്‌കൃത ഗ്രന്ഥമെഴുതി ഗുരുവായൂരപ്പനു സമര്‍പ്പിച്ചു. ആ ഗ്രന്ഥത്തിന്റെ അവസാന അദ്ധ്യായം എഴുതി തുടങ്ങിയപ്പോള്‍ ഭഗവാന്‍ തന്റെ ‘കൈശോരവേഷം’ ഭട്ടതിരിപ്പാടിനു കാണിച്ചുകൊടുത്തുവെന്നാണ് ഐതിഹ്യം. കൊ: വ: 792 വൃശ്ചികം 26-ാം തീയതി രവിവാരത്തില്‍ അദ്ദേഹം നാരായണീയം എഴുതി പൂര്‍ത്തിയാക്കി. താമസിയാതെ നാരായണഭട്ടതിരിയുടെ വാതരോഗം ശമിച്ചുവെന്നാണ് പറയുന്നത്.

മുക്തി ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമെന്താണെന്ന് ഗുരുവായൂരപ്പനോടു ചോദിച്ചപ്പോള്‍ അതിനുള്ള വഴി പറഞ്ഞതിങ്ങനെയാണ്. ‘മുക്കുതലഭഗവതിയെ ഭജിച്ചാല്‍ മതി’-
ശ്രീലകത്തുനിന്നും കേട്ട ആ അശരീരിയെ തുടര്‍ന്ന് മേല്പത്തൂര്‍ ഭട്ടതിരി മുക്കുതലക്കാവില്‍ പോവുകയും അവിടെവച്ച് മുക്തിസ്ഥലേശ്വരിയെ സ്തുതിച്ചുകൊണ്ട്, ശ്രീവാദസപ്തതി എന്ന ഗ്രന്ഥം എഴുതി ദേവീതൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു. താമസിയാതെ ഭട്ടതിരിപ്പാട് മോക്ഷം പ്രാപിച്ചുവെന്നുമാണ് കഥ.

ആ മോതിരവും മങ്ങാട്ടച്ചനും
പരമഭക്തനും കവിയുമായ പൂന്താനം നമ്പൂതിരി ഗുരുവായൂരപ്പനെ തൊഴുന്നതിനായി ഒരു ദിവസം യാത്ര തിരിച്ചു. മാര്‍ഗ്ഗമദ്ധ്യേ ഒരു സംഘം കള്ളന്മാര്‍ അദ്ദേഹത്തെ ആക്രമിക്കുവാന്‍ തുടങ്ങി. ഭഗവാനെ ഗുരുവായൂരപ്പാ ഞാനെന്തു ചെയ്യും.. എന്ന് നമ്പൂതിരി ഉറക്കെ പറഞ്ഞു.
ഉടനെ ഒരാള്‍ കുതിരപ്പുറത്ത് അവിടെയെത്തി. സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചനായിരുന്നു അത്. പാന്താനത്തിനു സമാധാനമായി. ട്ട്വോ…. മങ്ങാടന്‍ നോം നന്നെ വിഷമിച്ചു. ഗുരുവായൂരപ്പനാണ് താങ്കളെ ഇങ്ങോട്ടയച്ചത്. സന്തോഷമായി ദാ ഇതിരിക്കട്ടെ.
ഇതെന്തിനാ തിരുമേനി. നമ്മുടെ വക സന്തോഷം. ഈ മോതിരം സ്വീകരിക്കൂ… പൂന്താനം നമ്പൂതിരിആ മോതിരം ഊരി മങ്ങാട്ടച്ചനു നല്‍കി.

അടുത്ത പ്രഭാതത്തില്‍ ഗുരുവായൂരമ്പത്തിലെത്തിയ പൂന്താനം നമ്പൂതിരിക്ക് ആ മോതിരം ശാന്തിക്കാരന്‍ സമ്മാനിച്ചു. അദ്ദേഹം അത്്ഭുതപ്പെട്ടു. ആ മോതിരം ഭഗാവന്റെ പീഠത്തില്‍ എങ്ങിനെ വന്നു.? കവിക്കു കാര്യം മനസ്സിലായി തന്നെ രക്ഷിക്കുവാന്‍ വേണ്ടി മങ്ങാട്ടച്ഛന്റെ വേഷത്തില്‍ വന്നത് സാക്ഷാല്‍ ഗുരുവായൂരപ്പനായിരുന്നു!!

പൂന്താനം നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമം പതിവായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സംസ്‌കൃതജ്ഞാനം കുറവാണ്. അതിനാല്‍ ചൊല്ലുന്നതില്‍ പല തെറ്റുകളും വരാറുണ്ടായിരുന്നു.

ഒരുദിവസം പത്മനാഭോ അമരപ്രഭു എന്ന ഭാഗത്ത് പത്മനാഭോമരപ്രഭു എന്നു വായിച്ചു. അടുത്തിരുന്ന മറ്റൊരു നമ്പൂതിരി പരിഹാസപൂര്‍വ്വം അതു തിരുത്തി… ട്ട്വോ പൂന്താനം മരപ്രഭു അല്ല അമരപ്രഭുവാണ്.
ഞാന്‍ മരപ്രഭുവാണ്. ആരുപറഞ്ഞു അല്ലെന്ന് രണ്ടും ഞാന്‍തന്നെയാണ്… ശ്രീകോവിലില്‍നിന്നും ഗുരുവായൂരപ്പന്റെ അശരീരി അവിടെ മുഴങ്ങി.
കൊട്ടിയൂരമ്പലത്തില്‍ അന്ന് പൂന്താനം നമ്പൂതിരിയുടെതായിരുന്നു വായന. അദ്ദേഹം അതുകഴിഞ്ഞ് സ്‌നേഹിതന്മാരുമായി മടങ്ങുകയായിരുന്നു.
മാര്‍ഗ്ഗമദ്ധ്യേ ഭാഗവതം പുസ്തകത്തിന്റെ കാര്യം ഓര്‍മ്മയിലെത്തി. അത് എടുക്കുവാന്‍ മറന്നു. ഭാഗവതം കൈയിലില്ലാത്ത ദുഃഖമായിരുന്നു കവിക്ക്.
കൂട്ടുകാര്‍ വിലക്കിയിട്ടും പൂന്താനം തിരിച്ചു നടന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ശ്രീലകത്തുനിന്നും ഇങ്ങനെയൊരു ശബ്ദം കേട്ടു
പൂന്താനം മടങ്ങിക്കോളൂ… നാളെ രാവിലെ ഗുരുവായൂരമ്പലത്തിലെ തൃപ്പടിയില്‍നിന്നും ഭാഗവതപുസ്തകം കിട്ടും.

മജ്ഞുളയുടെ മാല
ഗുരുവായൂരപ്പന് അത്താഴപൂജയ്ക്കു ചാര്‍ത്തുവാന്‍ ദിവസവും മാലകൊണ്ടുവരുന്നത് മജ്ഞുളവാര്യസ്യാരായിരുന്നു. അവര്‍ അന്ന് അല്പം താമസിച്ചു. ശ്രീകോവില്‍ അടച്ചിരിക്കുന്നതുകണ്ട് അവര്‍ വളരെ സങ്കടപ്പെട്ടു.

ആ മാല ഭഗവാനു ചാര്‍ത്തുവാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്താല്‍ അവര്‍ അവിടെതന്നെ ഇരുന്നു. പൂന്താനം കവിയും ഈ സന്ദര്‍ഭത്തില്‍ അവിടെ ഉണ്ടായിരുന്നു. ആ ആലിന്റെ ചോട്ടില്‍ വച്ചേയ്ക്കൂ… ഗുരുവായൂരപ്പനു തൃപ്തിയാകും!
പൂന്താനം മഞ്ജുള ആലില്‍ ചുവട്ടിലേക്കു കൊണ്ടുപോയി അവള്‍ അവിടെയുള്ള ഒരു കരിങ്കല്ലിന്റെ പുറത്ത് ആ പൂമാല വച്ചു.

അടുത്തദിവസം മേല്‍ശാന്തി വിഗ്രഹത്തിലെ നിര്‍മ്മാല്യം മാറ്റിയപ്പോള്‍ വീണ്ടും തല്സ്ഥാനത്ത് മാല വന്നു. മാറ്റുന്തോറും വീണ്ടും വന്നുകൊണ്ടേയിരുന്നു. പൂന്താനം നമ്പൂതിരി മഞ്ജുള വാര്യസ്യാരുടെ കാര്യം പറഞ്ഞു. ആ ആല്‍ത്തറയിലെ മാലയും നിര്‍മ്മാല്യമാണ്. അതുകൂടി മാറ്റണം.
ആ മാല മാറ്റിയപ്പോള്‍ സംഗതി നേരെയായി. അവിടെയുള്ള ആല്‍ത്തറയാണ് പിന്നീട് മഞ്ജുളാല്‍ത്തറയായി മാറിയത്.

വില്വമംഗലവും കുറുരമ്മയും
വില്വമംഗലം സ്വാമിയാര്‍ക്കും കുറൂരമ്മയ്ക്കും ബാലഗോപാല വേഷത്തില്‍ ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കാറുണ്ടായിരുന്നു. ‘ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റുവേണമോ മക്കളായ്… എന്ന അവസ്ഥയാണ് അവര്‍ക്ക്.
സ്വാമിയാര്‍ പൂജിയ്ക്കാനിരുന്നാല്‍ സാളഗ്രാമമെടുത്ത്ഭഗവാന്‍ വായിലിടും.. പൂജാപാത്രങ്ങളൊക്കെ തട്ടിനീക്കും. പൂമാലകള്‍ കഴുത്തിലിടും.

അന്ന് കുറൂരമ്മയുടെ ഇല്ലത്താണ് വില്വമംഗലത്തിന് ഭിക്ഷ. തന്റെ പൂജാസമയം നേരത്തെ ആവണമെന്ന് അദ്ദേഹത്തിനു തോന്നി. എന്നാല്‍ ഭഗവാന്‍ കൃഷ്ണനെ പതിവനുസരിച്ച് കാണാത്തതില്‍ സ്വാമിയാര്‍ക്കു ദുഃഖമായി. ഒരുവിധം പൂജ പൂര്‍ത്തിയാക്കിട്ട് കുറൂരമ്മയുടെ ഇല്ലത്തേക്ക് പോകാനായി സ്വാമിയാര്‍ യാത്ര തിരിച്ചു.

വില്വമംഗലം സ്വാമിയാരെ സ്വീകരിക്കുവാനുള്ള തിരക്കിലാണ് കുറൂരമ്മ. അതിഥിയെ സല്‍ക്കരിക്കുവാനും വേണ്ടതു തയ്യാറാക്കുവാനും താനല്ലാതെ വേറെയാരുമില്ലാത്ത ദുഃഖമായിരുന്നു അ ഭക്തയ്ക്ക്. അവര്‍ മനംനൊന്തു പ്രാര്‍ത്ഥിച്ചു. ഭഗവാനേ ഗുരുവായൂരപ്പാ ആരുംല്യ… എല്ലാം നീയാണ്.
അല്പനിമിഷത്തിനുള്ളില്‍ ഒരു ഉണ്ണി അവിടെ എത്തി. അമ്മേ ഞാനുണ്ട് സഹായത്തിന്. ‘സ്വാമിയാര്‍ വരാറായോ’…?

‘ആയിവരുന്നു മോനേ…’ ആ ഭക്തയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വെള്ളം കോരാനും, വിറകുകീറാനും, പൂക്കള്‍ പറിക്കാനും, നിവേദ്യം പാചകം ചെയ്യാനും ഒക്കെ ഉണ്ണി കുറുരമ്മയോടൊപ്പമുണ്ട്.
‘പറയുന്നതുപോലെയൊക്കെ ചെയ്യണം കേട്ടോ ഉണ്ണീ…!
ആവാം.. ഉണ്ണി ചിരിച്ചുകൊണ്ട് തലയാട്ടി.

വില്വമംഗലം സ്വാമിയാര്‍ പൂജ തുടങ്ങി. തുളസിപൂക്കള്‍ ഒന്നൊന്നായി ഭക്തിപൂര്‍വം മന്ത്രോച്ചാരണത്തോടെ അദ്ദേഹം അര്‍പ്പിച്ചു. എന്നാല്‍ അവയെല്ലാം ആ ഉണ്ണിയുടെ പാദങ്ങളിലാണ് ചെന്നു വീണത്.

സ്വാമിയാര്‍ ആ പാദങ്ങള്‍ ശ്രദ്ധിച്ചു. ഭഗവാനെ ഗുരുവായൂരപ്പാ…. പൊന്നിന്‍ ചിലങ്ക അണിഞ്ഞ ആ തൃപ്പാദങ്ങളില്‍ വില്വമംഗലവും കുറൂരമ്മയും സാഷ്ടാംഗം നമസ്‌കരിച്ചു.

കൃഷ്ണനാട്ടവും മാനദേവനും
അന്ന് ഗുരുവായൂര്‍ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കൃഷ്ണനാട്ടമാണ്. രാസക്രീഡയാണ് കഥ. ചട്ടവട്ടങ്ങളോടെ വേഷങ്ങള്‍ അരങ്ങത്ത് ആടിതകര്‍ക്കുന്നു.
‘പൂചുറ്റല്‍ നൃത്തം തുടങ്ങിയപ്പോള്‍ കളിവിളക്കിനടുത്ത് അതാ ഓടക്കുഴലൂതിക്കൊണ്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍! പീലി തിരുമുടി ചായ്ച്ചുവച്ചു ഓടക്കുഴലൂതുന്ന ഭഗവാന്‍ ഗുരുവായൂരപ്പന്‍!!

മതിമറന്നു മാനവേദന്‍ രാജാവ് ഓടിച്ചെന്ന് ആ തൃപ്പാദങ്ങളില്‍ നമസ്്കരിച്ചത് കണ്ടുനിന്നവര്‍ക്ക് അത്ഭുതമായി. രാജാവ് എഴുന്നേറ്റപ്പോള്‍ ഭഗവാന്‍ കൃഷ്ണനില്ല. രണ്ടു മയില്‍പ്പീലികള്‍ അദ്ദേഹത്തിന്റെ ശിരസ്സില്‍! ഗുരുവായൂരപ്പന്റെ തലയിലുളള അതേ പീലികള്‍തന്നെ!! ….. ഇങ്ങനെയെത്ര യെത്ര കഥകളാണ് ഗുരുവായൂരപ്പനെ പറ്റിയുള്ളത്. ആദിശങ്കരാചാര്യര്‍, ചേലപറമ്പുനമ്പൂതിരി, വാഴകുന്നം മേയ്ക്കാട്ടു നീലകണ്ഠന്‍നമ്പൂതിരി, കൂടല്ലൂര്‍ കഞ്ഞിക്കാവുനമ്പൂതിരിപ്പാട്. അനന്തരാമദീക്ഷിതര്‍, ചെമ്പൈ വൈദ്യനാഥഭാഗവതര്‍, തോട്ടം നമ്പൂതിരി, മഹാകവി. പി.കുഞ്ഞുരാമന്‍നായര്‍, ആഞ്ഞം മാധവന്‍മ്പൂതിരി തുടങ്ങിയവര്‍ ഭഗവാന്റെ പരമമായ കടാക്ഷത്തിനു പാത്രീഭൂതരായവരാണ്. ഭക്തന്മാരുടെ ഹൃദയം കവര്‍ന്ന ഭഗവാനാണ് ഗുരുവായൂരമ്പലത്തിലുള്ളത്.

വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി. നാരദമഹര്‍ഷിയും ശ്രീശങ്കരനും കൂടി യാത്രചെയ്യുകയായിരുന്നു. ഗുരുവായൂരമ്പലത്തിന്റെ സമീപമായപ്പോള്‍ അവിടെയിറങ്ങി ഭഗവാനെ വന്ദിച്ചിട്ടുപോയാല്‍ മതിയെന്ന് നാരദന്‍ ശ്രീശങ്കരനോടു പറഞ്ഞു. എന്നാല്‍സ്വാമികള്‍ അതത്ര കാര്യമാക്കിയില്ല.
ഉടനെതന്നെ ശ്രീശങ്കരന് ബോധക്ഷയം അനുഭവപ്പെട്ട് വീണു. കുറേസമയം കഴിഞ്ഞ് തെറ്റു മനസ്സിലാക്കിയ അദ്ദേഹം ഉടനെ നാലമ്പലത്തിനുള്ളിലെത്തി ഭഗവാനോടു മാപ്പു ചോദിച്ചു. അന്നുമുതല്‍ ഒരു മണ്ഡലക്കാലം ഗുരുവായൂരില്‍ ശ്രീശങ്കരന്‍ താമസിക്കുകയും ക്ഷേത്രത്തിലെ പൂജാദികള്‍ക്ക് ചില പ്രത്യേകതകള്‍ വരുത്തുകയും ചെയ്തു.

ടിപ്പു സുല്‍ത്താനും ഗുരുവായൂരും
ക്രിസ്ത്വാബ്ദം 1789-ലെ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലേക്കു മാറ്റി, ഗുരുവായൂര്‍ക്ഷേത്രം നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു സുല്‍ത്താന്റെ ശ്രമം.
തലയ്ക്കുമീതെ ഒരു നക്ഷത്രം വട്ടം കറങ്ങുന്നതുപോലെയും ശരീരമാസകലം അസ്വസ്ഥകളും ടിപ്പുവിന് തുടര്‍ച്ചയായി അനുഭവപ്പെട്ടു. ഗുരുവായൂര്‍ മഹാക്ഷേത്രം ആക്രമിക്കരുതെന്ന് സേനാനായകനായ ഹൈദ്രോസ് കുട്ടിയോട് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെ നികുതിയും സുല്‍ത്താന്‍തന്നെ നല്‍കിയിട്ടാണ് യാത്രയായത്.

കൊ:വ: 922ല്‍ പടിഞ്ഞാറേ ഗോപുരനിര്‍മ്മാണം 1930-ല്‍ ശ്രീകോവില്‍ മണ്ഡപ 1058-ല്‍ നാലമ്പലം, കൂത്തമ്പലം എന്നിവയുടെ പുതുക്കിപണികള്‍ ഇവ നടന്നു നിലമ്പൂര്‍ വനത്തില്‍നിന്നു കൊണ്ടുവന്നതും 110 അടി ഉയരമുണ്ടായിരുന്നതുമായ തേക്കു കൊടിമരത്തിനു കേടുവന്നതിനാല്‍ 1949-ല്‍ സ്വര്‍ണ്ണധ്വജം സ്ഥാപിച്ചു.

1982 ജൂലൈ രണ്ടാം തീയതി നിര്യാതനായ പരമേശ്വരന്‍ എമ്പ്രാന്തിരി പണിയിച്ചിട്ടുള്ളതാണ് കിഴക്കേ ഗോപുരത്തിന്റെ മുന്നില്‍ കാണുന്ന നടപ്പുര. നാലമ്പലത്തിനു വടക്കും തെക്കും പടിഞ്ഞാറുമുള്ള ശിവേലിപ്പുരകള്‍ ഈയിടെ നിര്‍മ്മിച്ചതാണ്. വടക്കുവശമുള്ള ശിവേലിപുരയുടെ തൂണുകളില്‍ ശ്രീവേദവ്യാസന്‍, കുറൂരമ്മ, വില്വമംഗലം’ മേല്പത്തൂര്‍ എന്നിവരുടെ കേരളീയത്വം നിറഞ്ഞുനില്ക്കുന്ന പ്രതിമകള്‍ കാണുവാന്‍ ഭംഗിയുണ്ട്.

Share43TweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies