വടകര: ടി.പി ചന്ദ്രശേഖരനെ വധിച്ച ഏഴംഗ സംഘത്തിലെ അംഗമായിരുന്ന ടി.കെ രജീഷിനെ കോടതി ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാവിലെ രജീഷിനെ കോടതിയില്‍ ഹാജരാക്കിയ രജീഷിന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ചോദ്യംചെയ്യലിനിടെ പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രജീഷ് കോടതിയില്‍ പറഞ്ഞു. മര്‍ദ്ദനമേറ്റതിനാല്‍ നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്നും തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രജീഷ് ആവശ്യപ്പെട്ടു. മുംബൈയില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം കേരളത്തിലേക്ക് കൊണ്ടുവരും വഴി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് രജീഷ് മൊഴി നല്‍കിയത്. മുഖംമൂടിയ ശേഷമായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം മൊഴി നല്‍കി. തുടര്‍ന്ന് രജീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വടകര സര്‍ക്കാര്‍ ആസ്പത്രിയില്‍ രജീഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയശേഷംവീണ്ടും വടകര കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്.
ഇതിനിടെ കോടതിയില്‍ വെച്ച് രജീഷിനെ മൊഴി പഠിപ്പിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശ്രമിച്ചതായി അന്വേഷണ സംഘം പരാതി നല്‍കി. എ.പി.പിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ചോദ്യംചെയ്യലിനിടെ മര്‍ദ്ദിച്ചുവെന്ന ആരോപണം പോലീസ് അഭിഭാഷകന്‍ നിഷേധിച്ചു.
Discussion about this post