കറാച്ചി: പ്രമുഖ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍(84) അന്തരിച്ചു. കറാച്ചിയിലെ ആഗാ ഖാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുറേനാളായി ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന മെഹ്ദി ഹസന്‍ രണ്ടു വര്‍ഷമായി ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണു കഴിച്ചിരുന്നത്. ജന്മനാടായ ഇന്ത്യയിലെത്തി ചികിത്സ തേടാന്‍ മെഹ്ദി ഹസന്‍ ഏറെ ആഗ്രഹിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നില്ല.
1927ല്‍ രാജസ്ഥാനിലെ ലൂണാ എന്ന ഗ്രാമത്തില്‍ സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. ഹിന്ദുസ്ഥാനിസംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്രുപദ് സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയില്‍ ഖാന്റെയും ശിഷ്യണത്തില്‍ തന്റെ ആറാമത്തെ വയസില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ മെഹ്ദി ഹസന്‍, തുമ്രി, ദ്രുപദ്, ഖായല്‍, ദാദ്ര എന്നീ സംഗീതശൈലികളില്‍ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സില്‍ ജയ്പൂര്‍ രാജസദസ്സില്‍ വെച്ചു നടത്തിയ പ്രകടനത്തെതുടര്‍ന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയര്‍ന്നു. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു മെഹ്ദി ഹസന്റെ കുടുംബം. ഇന്ത്യയിലും വിപുലമായ ആരാധകവൃന്ദമുള്ള മെഹ്ദി ഹസന്‍ 2000 ലാണ് അവസാനമായി ഇന്ത്യയില്‍ പാടിയത്. നിരവധി അംഗീകാരങ്ങള്‍ മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ബഹുമതികളയ തംഘാ ഇ-ഇംത്യാസ്, ഹിലാല്‍-ഇ-ഇംത്യാസ് പുരസ്കാരങ്ങള്‍ ഇതില്‍ പെടുന്നു. 1979ല്‍ ഇന്ത്യയില്‍ നിന്നും സൈഗാള്‍ അവാര്‍ഡ് ലഭിച്ചു. 1983ല്‍ നേപ്പാള്‍ ഗൂര്‍ഖ ദക്ഷിണ്‍ ബാഹു പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി. പിന്നീട് 1999ല്‍ നൂറ്റാണ്ടിലെ ഗായകനുള്ള അവാര്‍ഡ്, 2000ല്‍ സഹസ്രാബ്ദത്തിന്റെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു എണ്‍പതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയില്‍ പാടുന്നതു പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളില്‍ നിന്നും അദ്ദേഹം പുര്‍മായി പിന്‍വാങ്ങി.. റേഡിയോ പാക്കിസ്ഥാനിലൂടെയാണ് മെഹ്ദി ഹസന്‍ തന്റെ യഥാര്‍ഥ കഴിവുകള്‍ പുറത്തെടുത്തത്. ആദ്യം തുമ്രിയും ഗസലുകളും വഴിയായിരുന്നു റേഡിയോയിലെ തുടക്കം. ഇതു മെഹ്ദിക്ക് പാക്കിസ്ഥാനില്‍ സാര്‍വത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. ഉസ്താദ് ബര്‍ക്കത്ത് അലി ഖാന്‍, ബീഗം അക്തര്‍, മുക്താര്‍ ബീഗം എന്നിവരോടൊപ്പം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. കുറഞ്ഞ കാലത്തിനുള്ളില്‍ മെഹ്ദി ഹസന് ഇതു സിനിമയിലേക്കുള്ള വഴി നയിക്കുകയും അവിടെ അദ്ദേഹം തന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. അക്കാലയളവിലും അദ്ദേഹം റേഡിയോയിലും, സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിരുന്നു. 1950 മുതല്‍ 70 വരെയുള്ള കാലഘട്ടം മെഹ്ദി ഹസന്റെ ദശകങ്ങള്‍ എന്നു തന്നെ അറിയപ്പെട്ടു. അക്കാലയളവില്‍ പാക്കിസ്ഥാനി സിനിമാ സംഗീതത്തില്‍ മെഹ്ദി ഹസന്റെ ഗാനങ്ങള്‍ അവിഭാജ്യഘടകമായിരുന്നു. 1960ല്‍ അദ്ദേഹം തന്റെ അനന്യമധുരമായ ഗസലുകളുമായി ലോക പര്യടനം നടത്തി.ഇത് അദ്ദേഹത്തിന് അതിരുകളില്ലാത്ത അംഗീകാരം നേടിക്കൊടുത്തു.
Discussion about this post