വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ (88) ദിവംഗതനായി. സഭയെ 12 വര്‍ഷം നയിച്ച അദ്ദേഹത്തിന്റെ വിയോഗം വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.
2013 ഏപ്രില്‍ 13-നാണ് 266-ാം മാര്‍പാപ്പയായി ഇറ്റാലിയന്‍ വംശജനായ അര്‍ജന്റീനക്കാരന്‍ കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ തെരഞ്ഞെടുത്തത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സഭയുടെ അമത്ത് എത്തിയത്.
2013 മാര്‍ച്ച് 19ന് ഫ്രാന്‍സിസ് അഥവാ ഫ്രാന്‍സിസ്‌കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതല്‍ ദോമൂസ് സാംഗ്‌തേ മാര്‍ത്തേ എന്ന ഹോസ്റ്റലിലാണ് മാര്‍പാപ്പയുടെ താമസം.
ഫ്രാന്‍സിസ് എന്ന പേര് വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള ആദരംകൊണ്ടു സ്വീകരിച്ചതാണ്. സ്‌നേഹത്തിന്റെയും ഉപവിയുടെയും പ്രവൃത്തികളാല്‍ രണ്ടാം ക്രിസ്തു എന്നു വിശേഷിപ്പിക്കപ്പെട്ട വിശുദ്ധനാണ് അസീസിയിലെ ഫ്രാന്‍സിസ്. ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമായിരുന്നു അദ്ദേഹം.
ഈശോസഭയില്‍ നിന്നുള്ള പ്രഥമ മാര്‍പാപ്പയും 1,000 വര്‍ഷത്തിനിടയിലെ യൂറോപ്യനല്ലാത്ത പ്രഥമ മാര്‍പാപ്പയുമായിരുന്നു പോപ്പ് ഫ്രാന്‍സിസ്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ കൂടിയാണ്.
ഇറ്റലിയിലെ ടൂറിനിലാണ് മാര്‍പാപ്പയുടെ കുടുംബവേരുകള്‍. ഇറ്റലിയില്‍ നിന്നു കുടിയേറിയ റെയില്‍വേ തൊഴിലാളിയുടെ മകനായി 1936-ല്‍ ബുവേനോസ് ആരീസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജനനം. നാലു സഹോദരീ സഹോദരന്മാരുണ്ട്.
രസതന്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചെങ്കിലും 22-ാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ജെസ്വീറ്റ് പ്രൊവിന്‍ഷ്യാളായിരുന്നു. 1980-ല്‍ സെമിനാരി റെക്ടറായി.
1992-ലാണ് ബുവാനോസ് ഐരിസിന്റെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കര്‍ദിനാള്‍, കറാച്ചിനോ 1998-ല്‍ അന്തരിച്ചപ്പോള്‍ മാര്‍പാപ്പ ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദിനാള്‍ സ്ഥാനം ലഭിച്ചു. ഈശോസഭയിലെ വിശുദ്ധനായ റോബര്‍ട്ട് ബെല്ലാര്‍മിനോയുടെ നാമത്തിലുള്ള ദേവാലയമാണ് അദ്ദേഹത്തിന് സ്ഥാനികദേവാലയമായി ലഭിച്ചത്.
Discussion about this post