തിരുവനന്തപുരം: കേരളരാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ് വിജയിച്ചു. ശക്തമായ ത്രികോണമല്‍സരത്തില്‍ 6,334 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് സെല്‍വരാജിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സ് രണ്ടാംസ്ഥാനത്ത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും ആറായിരത്തില്‍ പരം വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കി.
ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 30,507 വോട്ടുകളാണ് നേടിയത്. സെല്‍വരാജ് 52,528 വോട്ടുകള്‍ നേടിയപ്പോള്‍ ലോറന്‍സിനു 46,194 വോട്ടുകള്‍ ലഭിച്ചു. 2011ലെ തിരഞ്ഞെടുപ്പില്‍ 6,702 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സെല്‍വരാജ് വിജയിച്ചത്. എല്‍ഡിഎഫിന് പതിനായിരത്തോളം വോട്ടുകളുടെ കുറവ് ഇത്തവണ ഉണ്ടായപ്പോള്‍ ബിജെപിക്കു 23,000 വോട്ടുകളുടെ വര്‍ധന ഉണ്ടായി.
ലീഡ് നിലകള്‍ മാറിമറിഞ്ഞ വോട്ടെണ്ണല്‍ ഓരോ സെക്കന്‍ഡിലും മൂന്നു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ബിജെപിയുടെ ഒ. രാജഗോപാലിന്റെ ലീഡോടെയായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് എല്‍ഡിഎഫിന്റെ എഫ്. ലോറന്‍സിന്റെ കുതിപ്പായിരുന്നു കണ്ടത്. തൊട്ടുപിറകില്‍ രാജഗോപാലും ഉണ്ടായിരുന്നു. യുഡിഎഫിനേയും എല്‍ഡിഎഫിനേയും അമ്പരപ്പിക്കുന്നതായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആദ്യ മണിക്കൂറില്‍ സെല്‍വരാജിന്റെ സ്ഥാനം മൂന്നാമതായിരുന്നു. ഒരു ഘട്ടത്തില്‍ ലോറന്‍സ് 4000 വോട്ടിന്റെ ലീഡ് വരെ നേടി. എന്നാല്‍ പത്തു മണിയോടെ ചിത്രം മാറി. രണ്ടില്‍ തുടങ്ങിയ സെല്‍വരാജിന്റെ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്ന് നാലായിരത്തിനു മുകളില്‍ എത്തി.
Discussion about this post