തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കു വാര്‍ത്ത ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനും സഹായി സുരേഷ് കുമാറിനെയും സിപിഎം പുറത്താക്കിയേക്കും. വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇരുവരോടും വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇവരുടെ വിശദീകരണം സിപിഎം സംസ്ഥാന സമിതി തള്ളി. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ നന്‍മയുടേയും തിന്‍മയുടേയും രണ്ടു പക്ഷമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരുപക്ഷം മുതലാളിത്തവുമായി ഇവര്‍ ചങ്ങാത്തിലാണെന്ന് ഇവര്‍ വരുത്തിത്തീര്‍ത്തെന്നും നടപടിക്കുള്ള കാരണങ്ങളായി സംസ്ഥാന സമിതി ചൂണ്ടിക്കാണിച്ചു.
എന്നാല്‍, വിഎസിന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണനെതിരെ കടുത്ത നടപടിയില്ലെന്നാണ് സൂചന. വാര്‍ത്ത ചോര്‍ത്തലില്‍ വി.എസിന്റെ ഓഫിസിന് പങ്കുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണത്തിന് നിയോഗിച്ച എ.വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് മൂന്നു പേരോടും വിശദീകരണം തേടിയത്.
അതേസമയം, സംസ്ഥാന സമിതിയോഗത്തില്‍ വി.എസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഒഞ്ചിയം പ്രശ്‌നത്തില്‍ വി.എസിന്റെ നിലപാട് പാര്‍ട്ടിക്കെതിരെന്ന് ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വിഎസിന്റെ നിലപാട് നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു.
Discussion about this post