തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ക്രൂരമായി മാനഭംഗം ചെയ്ത ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ വീട്ടില്‍ രാജേന്ദ്ര(48)നെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി (II) ജഡ്ജി ടി.യു. മാത്തുക്കുട്ടി ശിക്ഷിച്ചത്. മാനഭംഗം, വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നിവയ്ക്ക് 20 വര്‍ഷം കഠിനതടവും, 50,000 രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണം.
കേസിലെ മറ്റൊരു പ്രതി വണ്ടിപ്പെരിയാര്‍ 57ാം മൈല്‍ പെരുവേലിപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍(26)ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയതിനാല്‍ വിചാരണ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും, പ്രോസിക്യൂട്ടറുമായ ഇ.എ. റഹീം കോടതിയില്‍ ഹാജരായി.
2007 ഡിസംബര്‍ രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പീരുമേട് 57ാം മൈല്‍വള്ളോപ്പറമ്പില്‍ വീട്ടില്‍ മോളി(55), മകള്‍ നീനു മോള്‍ (22)എന്നിവരാണു കൊല്ലപ്പെട്ടത്. നീനുവിന്റെ സഹോദരന്റെ പേരു വിളിച്ച ശേഷം അമ്മിക്കുഴവി ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന രാജേന്ദ്രനും, ജോമോനും മോളിയെയും മകള്‍ മീനുവിനെയും മാനഭംഗപ്പെടുത്തിയ ശേഷം കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും വാക്കത്തി കൊണ്ടു വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യഷന്‍ കേസ്. 27 സാക്ഷികളെ വിസ്തരിച്ച കേസില്‍ 36 രേഖകള്‍ തെളിവായി കോടതി സ്വീകരിച്ചു. സാഹചര്യത്തെളിവാണ് നിര്‍ണായകമായത്.
തൂക്കിക്കൊല്ലാന്‍ വിധിച്ചതറിഞ്ഞ് പ്രതി രാജേന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ കൂസലില്ലാത്ത ഭാവമായിരുന്നു. രാജേന്ദ്രനെ വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടു പോകും. വിധി കേള്‍ക്കാന്‍ നീനുവിന്റെ സഹോദരന്‍ ബാബു മാത്രമാണ് കോടതിയിലെത്തിയത്.
Discussion about this post