കോട്ടയം: സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി എന്‍.എസ്.എസ്. ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണെന്നും എന്‍.എസ്.എസ് കുറ്റപ്പെടുത്തി. 2012-2013 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരപ്പിക്കുന്നതിനിടയിലാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെയാണ് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്. പിറവം ഉപതിരഞ്ഞെടുപ്പില്‍ രാജ്യതാല്പര്യം കരുതിയാണ് ശരിദൂരം കണ്ടെത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍.എസ്.എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അരനൂറ്റാണ്ടായി എന്‍.എസ്.എസ് ഈ ആവശ്യം ഉന്നയിക്കുന്നു. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ന്യായമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്നത്- സുകുമാരന്‍ നായര്‍ പ്രസംഗത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ അധ്യാപക ബാങ്ക് രൂപീകരണം റദ്ദാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നിയമനം ലഭിച്ചവരാണ് അധ്യാപക ബാങ്കിലുള്ളത്. ഇതിലെ നിയമവിരുദ്ധമായ വ്യവസ്ഥകള്‍ റദ്ദാക്കണം. എന്‍.എസ്.എസ് നിയമവിരുദ്ധമായി അധ്യാപകരെ നിയമിച്ചിട്ടില്ല. ബാങ്കിലേയ്ക്ക് അധ്യാപകരെ നല്‍കേണ്ട ബാധ്യത എന്‍.എസ്.എസ്സിനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post