വടകര: ടിപി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കുഞ്ഞനന്തനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഎം പാറാട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായ കുഞ്ഞനന്തന്‍ ടിപി വധക്കേസില്‍ ഗൂഡാലോചനയ്ക്കു നേതൃത്വം നല്‍കിയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
രാവിലെ മുതല്‍ തന്നെ വടകര കോടതി പരിസരം സിപിഎം പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും കോടതി പരിസരത്തുണ്ടായിരുന്നു. ഇടയ്ക്ക് പൊലീസ് ഒഴിവായെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ കൂടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ കുഞ്ഞനന്തന്‍ ആര്‍ക്കും പിടിനല്‍കാതെ ഒന്നാം നിലയിലെ കോടതിവരാന്തയിലേക്ക് ഓടിക്കയറുകയായിരുന്നു. തൊട്ടുപിന്നാലെ കുഞ്ഞനന്തന്റെ അഭിഭാഷകരും കോടതിയിലെത്തി.
കുഞ്ഞനന്തനെ എല്ലാ ദിവസവും വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും കസ്റ്റഡിയില്‍ വിട്ടു കൊടുത്തുള്ള ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടി.പി.വധക്കേസില്‍ ഇരുപത്തിമൂന്നാം പ്രതികൂടിയാണ് കുഞ്ഞനന്തന്‍. തലശേരി, കൂത്തുപറമ്പ്, കണ്ണൂര്‍ ഭാഗങ്ങളിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുഞ്ഞനന്തനു ബന്ധമുള്ളതായി ആരോപണം ഉണ്ട്. കുഞ്ഞനന്തന്‍ നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂണ്‍ 19 ന് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇന്നലെ കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ കൊടിസുനിയുള്‍പ്പെടെ ടി.പി. വധക്കേസിലെ പ്രധാനപ്രതികളുമായെത്തി അന്വേഷണസംഘം തെളിവെടുപ്പു നടത്തുകയും ചെയ്തു. ഇതോടെ തികച്ചും പ്രതിരോധത്തിലായ കുഞ്ഞനന്തന്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post