കൊച്ചി: ടി.പി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.എച്ച് അശോകന്‍, കെ.കെ കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിവിട്ടതിലുള്ള അമര്‍ഷംമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2009 മുതല്‍ നടന്നിട്ടുള്ള ഗൂഡാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കേസ് എടുത്തിട്ടുണ്ടെന്നും എ.ജി കോടതിയില്‍ വിശദീകരിച്ചു. അന്വേഷണം അവസാനിച്ചാല്‍മാത്രമേ കൊലപാതകത്തിന്റെ പൂര്‍ണവിവരങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നും പ്രതികള്‍ക്ക് നിയമസഹായവും വൈദ്യസാഹായവും ലഭ്യമാക്കിയിരുന്നതായും എ.ജി വിശദീകരിച്ചു.
Discussion about this post