തിരുവനന്തപുരം: വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത് ജയന്തി ഒക്‌ടോബര്‍ രണ്ടിന് പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു. ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 5.30ന് ആരാധനയ്‌ക്കുശേഷം അഹോരാത്ര രാമായണപാരായണവും അഖണ്ഡനാമജപയജ്ഞവും ആരംഭിക്കും 7.30ന് ലക്ഷാര്‍ച്ചന, 8ന് കഞ്ഞിസദ്യ, ഉച്ചയ്‌ക്ക് ഒന്നിന് അമൃതഭോജനം, രാത്രി 8ന് ഭജന, 8.30ന് ആരാധന.
വൈകുന്നേരം 5ന് നടക്കുന്ന ജയന്തിദിനസമ്മേളനം എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.വി.നീലകണ്‌ഠപിള്ള ഉദ്‌ഘാടനം ചെയ്യും. അഡ്വ.എം.എ.വാഹിദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. ശ്രീരാമദാസമിഷന്‍ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും `ജ്യോതിക്ഷേത്രം’ ബ്രോഷറിന്റെ പ്രകാശനം ബി.ജെ.പി.ജില്ലാപ്രസിഡന്റ് കരമന ജയനും നിര്‍വ്വഹിക്കും. ബ്രഹ്മശ്രീനീലകണ്‌ഠഗുരു സുപ്രഭാതം സി.ഡി ചലച്ചിത്രതാരം വിനുമോഹന്‍ പ്രകാശിപ്പിക്കും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തിദിന സന്ദേശം നല്‍കും. തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടികള്‍. വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം അറിയിച്ചു.
Discussion about this post