ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയിലിനു കേന്ദ്രമന്ത്രിസഭയുടെ അന്തിമ അംഗീകാരം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിസ്ഥാന സൗകര്യ വികസന സമിതി യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 15 ശതമാനം തുല്യ ഓഹരിയുള്ള പദ്ധതിയില്‍ 44 ശതമാനം തുക ജപ്പാന്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പ കണ്ടെത്താനും അംഗീകാരം നല്‍കി.
ചെന്നൈ മെട്രോ മാതൃകയില്‍ 5181.79 കോടി രൂപ ചെലവുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മൊത്തം നിര്‍മ്മാണ ചെലവിന്റെ 44 ശതമാനം തുക 2170 കോടി രൂപ ജപ്പാന്‍ ധനകാര്യ സ്ഥാപനമായ ജെയ്ക്കയില്‍ നിന്നു കണ്ടെത്തണം. ഇതിനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേരളാ സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനുമാണ് നടപ്പിലാക്കേണ്ടത്.
അതേസമയം രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപാകരിക്കണം. കാബനറ്റ് സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതിയും സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായി ഹൈപവേര്‍ഡ് സമിതി രൂപീകരിക്കണമെന്നും മന്ത്രിസഭാ സമിതി നിര്‍ദേശിച്ചു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 26 കിലോമീറ്റര്‍ ദൂരമാകും മെട്രോ ആദ്യം ഓടി തുടങ്ങുക. 23 സ്‌റേഷനുകളുണ്ടാകും.
ആദ്യം മൂന്നു കോച്ചുകളുള്ള ട്രെയിനും പിന്നീട് ആറ് കോച്ചുകളുള്ള ട്രെയിനും കൊച്ചിയില്‍ സര്‍വീസിനിറക്കും. പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊച്ചി മെട്രോ പദ്ധതിക്കു അംഗീകാരം നല്‍കിയ അടിസ്ഥാന വികസനത്തിനുള്ള മന്ത്രിസഭാ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ വയാലാര്‍ രവിയും പ്രഫ. കെ.വി. തോമസും പങ്കെടുത്തു. അന്തിമ അനുമതി ലഭിച്ചതോടെ അടുത്ത നടപടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന കമ്പനി പുനഃസംഘടിപ്പിക്കലാണ്. ഇതുവരെ കൊച്ചി മെട്രോയുടെ മേല്‍നോട്ടം കൊച്ചി മെട്രോ റെയില്‍ കമ്പനി ലിമിറ്റഡിന് ആയിരുന്നു.
പദ്ധതിയില്‍ കേന്ദ്ര പങ്കാളിത്തം വരുന്നതോടെ കെഎംആര്‍എല്‍ കേന്ദ്രസംസ്ഥാന പങ്കാളിത്തമുള്ള സംയുക്ത കമ്പനിയായി മാറും. പദ്ധതിയുടെ പിന്നീടുള്ള മേല്‍നോട്ടം ഈ കമ്പനിയുടെ തീരുമാനമനുസരിച്ചായിരിക്കും. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല സര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ഏല്പിച്ചിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച കരാര്‍ സര്‍ക്കാരും ഡിഎംആര്‍സിയും തമ്മില്‍ ഒപ്പുവച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ പദ്ധതി ഇതിനുമുമ്പു കേന്ദ്ര മന്ത്രിസഭ പരിഗണിച്ചിരുന്നെങ്കിലും ഡല്‍ഹി മെട്രോ റെയില്‍ മാതൃകയില്‍ വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനു ധന മന്ത്രാലയത്തിന്റെയും ആസൂത്രണ ക്കമ്മീഷന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് അംഗീകാരം ലഭിച്ചിരുന്നില്ല.
15 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള ചെന്നൈ മാതൃകയില്‍ നടപ്പിലാക്കാമെന്ന ശിപാര്‍ശയെത്തുടര്‍ന്നാണ് ആസത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയത്. പിന്നീട് മേയില്‍ പദ്ധതിക്കു കേന്ദ്ര ധനമന്ത്രാലയവും പൊതുനിക്ഷേപക ബോര്‍ഡും അംഗീകാരം നല്‍കുകയായിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം
കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണം മൂന്നു മുതല്‍ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ടോം ജോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രാനുമതി ലഭിച്ച വാര്‍ത്ത തികഞ്ഞ ആഹ്‌ളാദമാണു നല്‍കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മെട്രോ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ റെയില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഏറെ പ്രയത്‌നങ്ങളാണു നടന്നത്.
Discussion about this post