ന്യൂദല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുതെന്നും പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി.
ഭക്തരുടെ തിരക്കുണ്ടെന്ന കാരണത്താല്‍ പൂജാ ദിവസം മാറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ക്ഷേത്രാചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് കാണിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ക്ഷേത്രാചാരങ്ങളില്‍ തന്ത്രി ചില മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്ന് കോടതിയെ ഹര്‍ജിക്കാര്‍ അറിയിച്ചു. എന്നാല്‍ തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീം കോടതി അറിയിച്ചു.













