റാന്നി: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടന്‍ രേഖപ്പെടുത്തും. ഇതിനു പിന്നാലെ പോറ്റിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്തു വരികയാണ്.
മുരാരി ബാബുവിനെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ശബരിമലയിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് വൈകുകയാണ്. നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. കേസിന്റെ പുരോഗതി ഉദ്യോഗസ്ഥര്‍ ഇന്നലെയും യോഗം ചേര്‍ന്നു വിലയിരുത്തി.
ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്. ദ്വാരപാലക ശില്പങ്ങളില്‍ നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായവരെ സംബന്ധിച്ച വിവരശേഖരണമാണ് പ്രധാനമായും നടക്കുന്നത്.
 
			



 
							








