ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി ആറാം സ്വര്‍ണം ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ വ്യക്തിഗത വിഭാഗത്തില്‍ ലോക റെക്കോഡുകാരന്‍ ഗഗന്‍ നാരംഗാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. ഈയിനത്തില്‍ ഒളിംപക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വെള്ളി നേടി. 703.6 പോയിന്റുമായാണ് നാരംഗ് തുടര്‍ച്ചയായ രണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയത്. ബിന്ദ്ര 698 പോയിന്റ് നേടി. നേരത്തെ യോഗ്യതാ മത്സരത്തില്‍ 600ല്‍ 600 പോയിന്റ് നേടി നാരംഗ് രണ്ടാം തവണയും ലോക റെക്കോഡിനൊപ്പമെത്തിയിരുന്നു. യോഗ്യതാ മത്സരത്തില്‍ ബിന്ദ്ര 595 പോയിന്റാണ് നേടിയത്. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ജോഡിയിനത്തില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. റോഞ്ജന്‍ സോധിയും ആഷര്‍ നോറിയയുമാണ് ഈയിനത്തില്‍ വെള്ളി കൊണ്ട് തൃപ്തരായത്. ഇവര്‍ സംയുക്തമായി 188 പോയിന്റാണ് നേടിയത്. 189 പോയിന്റ് നേടിയ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ സ്‌കോട്ട്, സ്റ്റീവന്‍ വാള്‍ട്ടന്‍ ടീമിനാണ് ഗെയിംസ് െക്കോഡോടെ സ്വര്‍ണം നേടിയത്. സോധി 95 ഉം ആഷര്‍ 93 ഉം പോയിന്റാണ് നേടിയത്. ഇവരും പഴയ ഗെയിംസ് റെക്കോഡ് മറികടന്നിരുന്നു.
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഷൂട്ടിങ്ങിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ രാഹി സര്‍ണോബാത്തും അനീസ സയ്യദും പുരുഷന്മാരുടെ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഓംകാര്‍ സിങും.
രാഹി 510 പോയിന്റുമായി ഒന്നാമതായും അനീസ 526 പോയിന്റുമായി മൂന്നാമതായുമാണ് ഫൈനലിലെത്തിയത്. ഓംകാര്‍ സിങ് 587 പോയിന്റുമായാണ് ഫൈനലില്‍ പ്രവേശിച്ചത്. യോഗ്യതാ മത്സരത്തില്‍ രണ്ടാമതായി ഓംകാര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപക് ശര്‍മ യോഗ്യതാ റൗണ്ടില്‍ പുറത്തായി. 538 പോയിന്റ് നേടിയ ദീപക് പതിനൊന്നാമതായാണ് ഫിനിഷ് ചെയ്തത്.
Discussion about this post