എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
3. ശ്രീരാമന്‍
ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ പൂജാമൂര്‍ത്തായാണ് സീതാസമേതനായ രാമന്‍. അതാണ് ശ്രീരാമന്‍. തന്റെ ഹൃദയത്തിനുള്ളില്‍ വസിക്കുന്ന ആനന്ദസ്വരൂപനായ ശ്രീരാമന് ആ മഹാപുരുഷന്‍ സ്വന്തം കരങ്ങള്‍കൊണ്ട് പട്ടാഭിഷേകം നടത്തുമായിരുന്നു. ഹൃദയകമലത്തിലായിരുന്നു അദ്ദേഹം പട്ടാഭിഷേകം നടത്തിയിരുന്നത്. രാമനും താനും ഈ ലോകവും വേറിട്ടുനില്ക്കുന്നവയല്ല. ഒന്നുതന്നെയാണെന്ന പ്രത്യക്ഷാനുഭവമാണ് (നേരിട്ടുള്ള അനുഭവം) പട്ടാഭിഷേകത്തിന്റെ പരമതത്ത്വം.
അലൗകികാമന്ദമാണു രാമനെന്നു നേരത്തെ വ്യക്തമാക്കിയല്ലൊ. ഇക്കാണായ ലോകത്തിനു മാതാവായ മൂലപ്രകൃതിയാണു സീതാദേവം. രാമനും സീതയും രണ്ടല്ല ഒന്നുതന്നെയാണെന്ന പരമയാഥാര്‍ത്ഥ്യമാണ് മഹാലക്ഷ്മിയെന്ന് അഥവാ സീതയെന്ന് അര്‍ത്ഥം വരുന്ന ശ്രീ ശബ്ദത്തെ രാമശബ്ദത്തോട് സമാസിച്ച് ശ്രീരാമനെന്ന് ഒറ്റ വാക്കായി കാണിച്ചിരിക്കുന്നതിന്റെ രഹസ്യം.
ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തു. ലോകം ഉണ്ടാകുന്നതിനു തൊട്ടുമുമ്പേ ഉളള വസ്തു അതുമാത്രമാണ്. അതല്ലാതെ രണ്ടാമതൊരുവസ്തു ഉണ്ടായിരുന്നില്ല. വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ആവര്‍ത്തിച്ചു വെളിവാകുന്ന പരമസത്യമാണത്. അദ്ധ്യാത്മരാമായണത്തിലും ശ്രീമദ് ഭഗവദ്ഗീത, ശ്രീമഹാഭാഗവതം മുതലായ ഗ്രന്ഥങ്ങളിലും ഇക്കാര്യം നിരന്തരം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ലോകസൃഷ്ടിക്കുമുന്നം അല്ലയോ രാമ നീ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രനോടു നേരിട്ടു പറയുന്നത് രാമായണാന്തര്‍ഗതമായ ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതിയിലുണ്ട്. ശിവപുരാണത്തില്‍ ശിവനെന്നും ഭാഗവതത്തില്‍ വിഷ്ണുവെന്നുമെല്ലാം വിളിച്ചിരിക്കുന്നത് രാമനെന്ന ഇതേ ആനന്ദത്തെ ആകുന്നു.
പേരുകള്‍ പലതാണെങ്കിലും തത്ത്വത്തിനു മാറ്റമില്ലെന്നു മറക്കരുത്. ആ പേരുകളുടെ അര്‍ത്ഥം പരിശോധിച്ചു നോക്കിയാല്‍ അലൗകികാനന്ദത്തില്‍തന്നെ എത്തിച്ചേരുകയും ചെയ്യും.
ആനന്ദം അഥവാ രാമന്‍ ലോകസൃഷ്ടിക്കായി ആരംഭം കുറിച്ചു. അതിനുവേണ്ടി തന്റെ തന്നെ ശക്തിയായ പ്രകൃതിയെ പ്രവര്‍ത്തനക്ഷമമാക്കി. രാമന്‍ തന്നെയായ രാമശക്തിയാണു സീത. സ്വര്‍ണ്ണവും സ്വര്‍ണ്ണനിര്‍മ്മിതമായ മാലയും രണ്ടല്ലാതിരിക്കുന്നതുപോലെ രാമനും സീതയും രണ്ടല്ലാതിരിക്കുന്നതിനാല്‍ പരമതത്ത്വമറിയുന്ന പൈങ്കിളി രാമനെ ശ്രീരാമനെന്നു സംബോധനചെയ്തിരിക്കുന്നു. ജഗത് സൃഷ്ടി തുടങ്ങിയാല്‍ പിന്നെ രാമനെ പിരിഞ്ഞു സീതയോ സീതയെ പിരിഞ്ഞു രാമനോ സാദ്ധ്യമല്ലാ. അതിനാല്‍ ശ്രീരാമനെന്ന സംബോധനയ്ക്കു സാംഗത്യമേറുന്നു.
രാമന്റെ സങ്കല്പത്താല്‍ പ്രകൃതി സ്വരൂപിണിയായ സീതയില്‍ നിന്നു പിറന്നതാണ് ഈ ലോകത്തുകാണുന്ന സകലപദാര്‍ത്ഥങ്ങളും. ജീവനുള്ളതും ജീവനില്ലാത്തവയുമെല്ലാം അക്കൂട്ടത്തില്‍പ്പെടും. അതിനാല്‍ എല്ലാറ്റിന്റെയും അകവും പുറവും നിറഞ്ഞിരിക്കുന്നത് സീതരാമന്മാരല്ലാതെ മറ്റൊന്നല്ല. അതു തിരിച്ചറിഞ്ഞയാളിനു രാമനും സീതയും ലോകവും താനും ഒന്നുതന്നെയാണെന്നു അനുഭവിച്ചറിയാനാകുന്നു. അതാണു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ഹൃദയത്തില്‍ നടത്തുന്ന ശ്രീരാമപട്ടാഭിഷേകം. ഉദാത്തമായ ഈ ഏകത്വാനുഭവമാണ് അഥവാ ഐക്യജ്ഞാനമാണ് ശ്രീരാമശബ്ദത്തിന്റെ പൊരുള്‍.
സമാധ്യവസ്ഥയുടെ ഏറ്റവും ഉയര്‍ന്ന പടിയായ നിര്‍വികല്പസമാധിയിലാണു രാമനെ ആനന്ദം മാത്രമായി അനുഭവിക്കാനാകുന്നത്. അവിടെ എത്തിപ്പെടുംവരെ സവികല്പസമാധിയുടെ വ്യത്യസ്ഥമായ പടവുകളിലൂടെ കയറിപ്പോകേണ്ടതുണ്ട്. അവിടെയെല്ലാം അലൗകികാനന്ദത്തെ അഥവാ രാമനെ സീതാസമേതനായി മാത്രമേ കാണാനും അനുഭവിക്കാനും സാധിക്കു. സമാധിദശയുടെ അടുത്തെങ്ങും എത്തിപ്പെട്ടിട്ടില്ലാത്ത സാധാരണരുടെ കാര്യത്തില്‍ സീതാസമേതനായല്ലാതെ രാമാനുഭവമില്ല. അതുകൊണ്ടും ശ്രീരാമപദത്തിനു പ്രാധാന്യമേറുന്നു. എഴുത്തച്ഛന്റെ വര്‍ണ്ണനകളിലൂടെയും കലാകാരന്മാര്‍ രചിച്ച ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും നാംപരിചയിച്ച രാമന്റെ രൂപം പോലും ശ്രീരാമരൂപമാണെന്നറിഞ്ഞുകൊള്‍ക.
ആനന്ദമെന്നത് നേരിട്ട് അനുഭവിച്ചറിയാന്‍ മാത്രമുള്ളതാണ്. ആനന്ദത്തെ കണ്ണുകൊണ്ടുകാണാനാവുകയില്ല. കാതുകൊണ്ടു കേള്‍ക്കാനോ മൂക്കുകൊണ്ടുമണക്കാനോ നാക്കുകൊണ്ടു രുചിക്കാനോ ത്വക്കുകൊണ്ടു തൊട്ടറിയാനോ സാദ്ധ്യമല്ല. ഇതിനു നിരാകാരമെന്നു വേദാന്തശാസ്ത്രത്തില്‍ പറയും. ലൗകികാനന്ദത്തെപ്പോലും അനുഭവിച്ചറിയാനല്ലാതെ കാണാനോ കേള്‍ക്കാനോ സാദ്ധ്യമെേല്ലന്നു അറിവുള്ളതാണല്ലൊ.
നീലനിറമുള്ള, മഞ്ഞപ്പട്ടുടുത്ത വില്ലേന്തി നില്ക്കുന്ന അതിസുന്ദരനായ ശ്രീരാമന്റെ രൂപം സീത അഥവാ മൂലപ്രകൃതിയാണ്. പ്രസ്തുത രൂപമായി കാണപ്പെടുന്ന രൂപരഹിതമായ ആനന്ദമാണ് രാമന്‍. സ്വര്‍ണവും മാലയും തമ്മിലുള്ള ബന്ധമാണിത്. സ്വര്‍ണ്ണം രാമനും മാല സീതയുമായിരിക്കുന്നു. കണ്ണുകൊണ്ടോ കാതുകൊണ്ടോ മറ്റിന്ദ്രിയങ്ങള്‍കൊണ്ടോ രാമനെ അറിയണമെങ്കില്‍ സീതയിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളു. സവികല്പസമാധിയുടെ വ്യത്യസ്ഥതലങ്ങളില്‍പ്പോലും അങ്ങനെയേപറ്റു. അതിനാല്‍ നമ്മുടെ അനുഭവത്തില്‍ രാമന്‍ എന്നെന്നും ശ്രീരാമനാണ്.
Discussion about this post