ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ ആതിഥേയരുടെ സമ്പാദ്യം 24 സ്വര്‍ണ്ണവും 17 വെള്ളിയും 17 വെങ്കലവുമടക്കം 58 മെഡലുകളായി. 54 സ്വര്‍ണവുമായി ഓസ്‌ട്രേലിയ മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യയുടെ രണ്ടാം സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഇംഗ്ലണ്ടിന് 23 സ്വര്‍ണമുണ്ട്.
ഡല്‍ഹി ഗെയിംസ് പകുതി ഘട്ടം പിന്നിടുമ്പോഴേക്കും 2006ല്‍ മെല്‍ബണിലുണ്ടാക്കിയ മെഡല്‍ നേട്ടം ഇന്ത്യ മറികടന്നു കഴിഞ്ഞു. കഴിഞ്ഞ തവണ 22 സ്വര്‍ണ്ണവും 17 വെള്ളിയും 10 വെങ്കലവുമടക്കം 49 മെഡലുകളാണുണ്ടായിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടത്തിലേക്കാണ് ഇക്കുറി മുന്നേറുന്നത്. 2002ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ 30 സ്വര്‍ണ്ണവും 22 വെള്ളിയും 17 വെങ്കലവുമടക്കം 69 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഇന്ത്യ ഇക്കുറി നേടിയ സ്വര്‍ണ്ണത്തില്‍ പകുതിയും ഷൂട്ടര്‍മാരുടെ വകയാണ്. ശനിയാഴ്ച രണ്ടു സ്വര്‍ണ്ണവും ഒരു വെങ്കലവും ഇന്ത്യക്കാര്‍ വെടിവെച്ചിട്ടു. പുരുഷന്മാരുടെ 50 മീറ്റര്‍ ത്രി പൊസിഷന്‍ വ്യക്തിഗതയിനത്തില്‍ ഗഗന്‍ നരംഗും 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ വിജയകുമാര്‍ -ഹര്‍പ്രീത് സിങ് ജോഡിയും സ്വര്‍ണ്ണം നേടി. ഇതോടെ ഗെയിംസില്‍ ഗഗന് നാലു സ്വര്‍ണ്ണമായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീമിനത്തില്‍ സുമ ഷിരൂര്‍ -കവിത യാദവ് സഖ്യത്തിന് വെങ്കലം ലഭിച്ചു. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയുടെ സമ്പാദ്യം 12 സ്വര്‍ണ്ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമായി. ശനിയാഴ്ച ഇന്ത്യ നേടിയ മറ്റു രണ്ടു സ്വര്‍ണ്ണം ഗോദയില്‍ നിന്നാണ്. 60 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തും 74 കിലോ ഫ്രീസ്റ്റൈലില്‍ നരസിംഹ്് പഞ്ചം യാദവുമായിരുന്നു സുവര്‍ണ്ണ കുമാരന്മാര്‍. വനിതാ ടെന്നീസ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അനസ്താസ്യ റോഡിയോനോവയോട് പൊരുതിത്തോറ്റ സാനിയ മിര്‍സയ്ക്ക് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി ലഭിച്ചു. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഹര്‍മീന്ദര്‍ സിങ് വെങ്കലം നേടി. കഴിഞ്ഞ ദിവസം വനിതകളുടെ 10000 മീറ്ററില്‍ കവിത റൗത്ത് ആതിഥേയര്‍ക്കു വേണ്ടി വെങ്കലം നേടിയിരുന്നു.വനിതകളുടെ ഭാരോദ്വഹനം 75 കിലോ വിഭാഗത്തില്‍ മോണിക്ക ദേവിക്ക് വെങ്കലം ലഭിച്ചു. പുരുഷ ടെന്നീസ് ഡബിള്‍സിലെ വെങ്കലത്തിനു വേണ്ടിയുള്ള പോരാട്ടം ഇന്ത്യന്‍ ജോഡികള്‍ തമ്മിലായിരുന്നു. പരിചയസമ്പന്നരായ ലിയാന്‍ഡര്‍ പേസ് -മഹേഷ് ഭൂപതി സഖ്യം ജൂനിയറായ സോംദേവ് ദേവ് വര്‍മന്‍ -രോഹന്‍ ബൊപ്പണ്ണ ജോഡിയെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 7-6) തോല്പിച്ച് വെങ്കലമണിഞ്ഞു.
Discussion about this post