തിരുവനന്തപുരം: ടൂറിസം വികസനത്തിന് 24.56 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 21 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
കുമരകത്ത് ഫ്ലോട്ടിങ് ക്രാഫ്റ്റ് കളക്ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനും ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുമായി കോട്ടയം ഡി.ടി.പി.സി.ക്ക് 21 ലക്ഷം രൂപ അനുവദിച്ചു. പൊന്മുടിയില്‍ നിലവിലുളള അതിഥി മന്ദിരത്തിന്റെ നവീകരണത്തിന് 33 ലക്ഷം അനുവദിച്ചു. വര്‍ക്കല, ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രണ്ടു വീതം ഇ-ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ പദ്ധതിയും അനുവദിച്ചു. ‘കിറ്റ്‌സി’ന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.50 കോടിയും പൊന്നാനി ബിയ്യം കായല്‍ പാലം നവീകരിക്കുന്നതിനുള്ള ഡി.ടി.പി.സി. പദ്ധതിക്ക് 2.57 കോടിയും റോഡുകളില്‍ സൈനേജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് 4.25 കോടി രൂപയും അനുവദിച്ചവയില്‍ ഉള്‍പ്പെടുന്നു. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം വികസനത്തിനായി 55.35 ലക്ഷവും ‘ടേക്ക് എ ബ്രേക്ക്’ എന്ന പേരില്‍ ടൂറിസം വകുപ്പ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വഴിയോരങ്ങളില്‍ സ്ഥാപിക്കുന്ന അമിനിറ്റി സെന്‍ററുകളുടെ പ്രഥമ കേന്ദ്രം പോത്തന്‍കോട് ശാന്തിഗിരിയില്‍ സ്ഥാപിക്കുന്നതിനായി 1.30 കോടി രൂപയും മുത്തങ്ങയിലെ വന്യമൃഗ സങ്കേതത്തിലേക്ക് സഫാരി സൗകര്യമേര്‍പ്പെടുത്തുന്നതിലേക്കായി വാഹനം വാങ്ങുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു.
മൂവാറ്റുപുഴ തീര്‍ത്ഥാടന ടൂറിസം പദ്ധതിക്കും നദീമുഖ വികസനത്തിനുമായി 1.19 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കി. തിരുവനന്തപുരം ജില്ലയിലെ വെട്ടുകാട് പള്ളിയോടനുബന്ധിച്ച് ബീച്ചും പരിസരവും സൗന്ദര്യവത്ക്കരിക്കുന്ന പദ്ധതിക്ക് 54.54 ലക്ഷം രൂപയും മലപ്പുറത്ത് പടിഞ്ഞാറെക്കര ബീച്ചിന്റെ രണ്ടാംഘട്ട വികസന പദ്ധതിക്ക് 78.80 ലക്ഷം രൂപയും വടക്കന്‍ പറവൂര്‍ പൈതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ അനുബന്ധ വികസനത്തിനായി 81.82 ലക്ഷം രൂപയും അനുവദിച്ചു.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ ഇസ്‌ലാമിക പൈതൃക മ്യൂസിയം സ്ഥാപിക്കുന്ന തിനായി 1.38 കോടി രൂപ അനുവദിച്ചു. പെരിന്തല്‍മണ്ണയിലേയും റാണിപുരത്തേയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലേക്കായി 80 ലക്ഷം രൂപയും വയനാട് എടക്കല്‍ ഗുഹയോടനുബന്ധിച്ചുളള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്റെ നവീകരണത്തിനും രണ്ടാമതൊരു നടപ്പാത നിര്‍മാണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Discussion about this post