തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലില്‍ നടത്തിയ ആക്രമണങ്ങളെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അപലപിച്ചു. സിപിഎം തീക്കൊള്ളി കൊണ്ടു കളിക്കുകയാണെന്നും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയരാജനെ അറസ്റ്റ് ചെയ്തത് ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ടാണ്. ഷുക്കൂറിനെ പത്തിരുന്നൂറു പേര്‍ നോക്കി നില്‍ക്കെ പാര്‍ട്ടി ഗ്രാമമായ പട്ടുവത്തു വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി വിചാരണ നടത്തി പാര്‍ട്ടിക്കോടതി വിധിയാണ് അന്നു നടപ്പാക്കിയത്.താന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് കേസിനു തുമ്പുണ്ടാക്കിയത്. നിയമപരമായാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. സിപിഎമ്മിനു പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. അതിനു പകരം ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ്, ലീഗ്, ജനതാദള്‍ ഓഫിസുകള്‍ അടിച്ചു തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഡിസിസി പ്രസിഡന്റിന്റെ വീടു വരെ ആക്രമിച്ചു. വളരെ വ്യാപകമായ അക്രമമാണ് ഇന്നുണ്ടായത്. കേരളത്തെ പാര്‍ട്ടി ഗ്രാമമാക്കാനാണ് ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസ് വളരെ ശക്തമായി നേരിടും. മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്നതിനെതിരെയും വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി പറഞ്ഞത് സാമൂഹികവിരുദ്ധന്മാരാണ് അക്രമങ്ങള്‍ നടത്തുന്നതെന്നാണ്. എന്നാല്‍ സിപിഎമ്മില്‍ സാമൂഹികവിരുദ്ധരാണ് കൂടുതല്‍ എന്നല്ലേ മനസിലാക്കേണ്ടത്. സിപിഎം ഈ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കേസിനെ നിയമപരമായി നേരിടണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകുന്ന പ്രവൃത്തികള്‍ നടത്തുന്നതില്‍ കെപിസിസി ശക്തമായി പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ അക്രമപ്രവര്‍ത്തനം നടത്തുവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post