- പി.സി. ജോര്‍ജിനെ കയറൂരി വിട്ടവര്‍ നിയന്ത്രിക്കണമെന്ന് വി.ഡി.സതീശന്‍
തൃശൂര്‍: പി.സി. ജോര്‍ജിന് ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ തുറന്ന കത്ത് നല്‍കി. പ്രതാപന്‍ സ്വന്തം സമുദായത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന പി.സി. ജോര്‍ജിന്റെ വിമര്‍ശനം കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. ജോര്‍ജിനെപ്പോലുള്ള കൊതിയന്‍മാരുടെ കണ്ണും കയ്യും പതിയുന്നിടത്ത് ഇടപെടുമെന്നും മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും പ്രതാപന്‍ കത്തില്‍ തുറന്നടിക്കുന്നു. പൊതുമുതല്‍ വെട്ടിപ്പിടിച്ച് വിറ്റഴിക്കാന്‍ അനുവദിക്കില്ല. തല്‍ക്കാലം നിങ്ങളുടെ കൂടെ നിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എല്ലായ്പോഴും എല്ലാവരെയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
അതേസമയം പി.സി. ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ കൊച്ചിയില്‍ പറഞ്ഞു. ടി.എന്‍ പ്രതാപനെതിരേ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. ഹൈബി ഈഡനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രം ഉണ്ട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍പും വിഷയം ഉന്നയിച്ചിരുന്നു. അന്ന് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ജോര്‍ജ് മാപ്പുപറഞ്ഞതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീടും ഇത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്.
വഴിനടക്കുന്നവര്‍ പോലും കോണ്‍ഗ്രസ് എംഎല്‍എമാരെ ആക്ഷേപിക്കുന്നതില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷനുമുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ യുഡിഎഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി തകര്‍ക്കുമെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി. പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെക്കാള്‍ നേതാക്കളുടെ പ്രതികരണങ്ങളാണ് തങ്ങളെ വേദനിപ്പിച്ചതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ടി.എന്‍. പ്രതാപനെതിരേ പി.സി. ജോര്‍ജ് നടത്തിയ വിമര്‍ശനത്തോടെ നെല്ലിയാമ്പതി സന്ദര്‍ശിച്ച യുഡിഎഫ് ഉപസമിതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വന്നതായും അതുകൊണ്ട് ആറ് യുഡിഎഫ് എംഎല്‍എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. തന്നെക്കൂടാതെ ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, വി.ടി. ബല്‍റാം, കെ.എം. ഷാജി, എം.വി. ശ്രേയാംസ്കുമാര്‍ എന്നിവരായിരിക്കും നെല്ലിയാമ്പതി സന്ദര്‍ശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടക്കരാര്‍ ലംഘിച്ചതായ ഭൂമിയെല്ലാം സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നെല്ലിയാമ്പതിയില്‍ പോകുന്ന കാര്യം കെപിസിസി അധ്യക്ഷനെ അറിയച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Discussion about this post