കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ തള്ളി. കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജയരാജന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന്റെ എതിര്‍പ്പ് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജയരാജന്റെ ഒപ്പമുള്ള കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ ടി.വി. രാജേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ജയരാജന് ജാമ്യം നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കൊലപാതകവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118ാം വകുപ്പനുസരിച്ചാണ് ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം ഈ കുറ്റം തെളിയിക്കുന്ന യാതൊരു വസ്തുതയും പോലീസിന് ചൂണ്ടിക്കാട്ടാനില്ലെന്ന് ജയരാജന് വേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന്‍ വാദിച്ചു. എന്നാല്‍ കേസ് നിലനില്‍ക്കുമോയെന്ന കാര്യം ഈ ഘട്ടത്തില്‍ പരിശോധിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കൂടി പരിശോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജയരാജന്‍ ശക്തനായ രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും കോടതി വിലയിരുത്തി. തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
Discussion about this post