പ്രൊഫ. പി.വി.കൃഷ്ണന്‍ നായര്‍
കര്‍മ്മരഹസ്യം എന്ത്?
കര്‍മ്മരഹസ്യം സമസ്ത ജീവിതത്തിന്റെയും രഹസ്യമാണ്. അസ്തിത്വത്തിന്റെ രഹസ്യം തന്നെ അതാണ്. അസ്തിത്വം പ്രകൃതിയുടെ വെറുമൊരു യാന്ത്രികഘടനയോ പ്രവര്‍ത്തന രൂപമോ അല്ല. ആത്മാവിനെ കുരുക്കിലാക്കി ഒരു നിമിഷമോ അനന്തകാലമോ കറങ്ങുന്ന ഒരു നിയമ ചക്രമല്ല അസ്തിത്വം. അത് ആത്മചൈതന്യത്തിന്റെ നിരന്തരമായ അഭിവ്യക്തിയാണ്.
കര്‍മ്മം എന്തിന്?
ജീവിതം ജീവിക്കാനായി മാത്രമല്ല, ഈശ്വരനുവേണ്ടിയാണ്. ഈശ്വരന്റെ അനശ്വരമായ ഒരംശമാണ് മനുഷ്യചേതന. കര്‍മ്മം സ്വയം കണ്ടെത്തലിനും, സ്വയം പൂര്‍ത്തീകരണത്തിനും, ആത്മ സാക്ഷാത്കാരത്തിനും വേണ്ടിയാണ്. കര്‍മ്മത്തിന് അപ്പോഴോ ഭാവിയിലോ ഉണ്ടാവുന്ന ബാഹ്യവും പ്രകടവുമായ ഫലങ്ങള്‍ക്ക് വേണ്ടിയല്ല.
കര്‍മ്മനിയമത്തിന്റെ അധിഷ്ഠാനമെന്ത്?
ആത്മാവിന്റെ പ്രകടമായ ശ്രേഷ്ഠ സ്വഭാവത്തെ ആശ്രയിച്ച് വസ്തുക്കള്‍ക്കും ഒരാന്തരിക നിയമവും അര്‍ത്ഥവുമുണ്ട്. കര്‍മ്മത്തിന്റെ യഥാര്‍ത്ഥത കുടികൊള്ളുന്നത് അതിലാണ്. മനോവൃത്തികളിലൂടെയും മനസ്സിന്റെ ബാഹ്യവ്യാപാരങ്ങളിലൂടെയും ഈ യാഥാര്‍ത്ഥ്യം യാദൃശ്ചികമായോ അപൂര്‍ണ്ണമായോ അജ്ഞാനം നിമിത്തം പ്രച്ഛന്നമായോ സൂചിതമായെന്ന് വരാം. എന്നാല്‍ പരമവും പ്രമാദരഹിതവുമായ കര്‍മ്മ നിയമം അവനവന്റെ സര്‍വ്വോന്നതവും ആന്തരതമവുമായ അസ്തിത്വത്തിന്റെ സത്യം കണ്ടെത്തി അതില്‍ ജീവിക്കലാണ്. അല്ലാതെ ബാഹ്യമായ ഏതെങ്കിലും ഒരു മാനദണ്ഡത്തെയോ ധര്‍മ്മത്തെയോ ആസ്പദമാക്കി ജീവിക്കലല്ല.
സ്വന്തം വ്യക്തിത്വം കണ്ടെത്തേണ്ട ആവശ്യമെന്ത്?
പ്രസ്തുത കര്‍മ്മ നിയമത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ കഴിയുന്നതുവരെ സമസ്തജീവിതവും കര്‍മ്മവും അപൂര്‍ണ്ണമായിരിക്കും. ശ്രമകരമായിരിക്കും. സംഘര്‍ഷപൂര്‍ണ്ണമായിരിക്കും. പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കും. പ്രശ്‌നങ്ങള്‍ക്കുള്ള അന്തിമപരിഹാരം കണ്ടെത്തണമെങ്കില്‍, സംഘര്‍ഷം തരണം ചെയ്യണമെങ്കില്‍, കര്‍മ്മം പൂര്‍ണ്ണമാവണമെങ്കില്‍ ചേതന ദിവ്യവും അകൃത്രിമവുമായ കര്‍മ്മത്തിലേക്ക് തിരിയണമെന്നുമുണ്ടെങ്കില്‍ സ്വകീയ വ്യക്തിത്വം കണ്ടെത്തി അതിന്റെ ആവിഷ്‌കരണത്തിനായി സത്യസന്ധമായി ജീവിക്കുകതന്നെ വേണം.
പ്രശ്‌നങ്ങളുടെ അന്തിമ പരിഹാരം എവിടെ?
അതിനാല്‍ സ്വകീയമായതെന്താണെന്ന് മനസ്സിലാക്കണം. അത് ഈശ്വരീയമാണ്. എല്ലാറ്റിലും അഭേദമായിരിക്കുന്ന ചൈതന്യമാണ് സ്വന്തം ആത്മാവ് ഈശ്വരാംശമാണ്. ഈ അറിവില്‍ ജീവിക്കണം. ആത്മാവില്‍ ജീവിക്കണം. പരമമായ ചൈതന്യഭാവത്തില്‍ ജീവിക്കണം. ഈശ്വരനോട് ചേര്‍ന്നും ഈശ്വരനായും ഇരിക്കണം ആദ്യം തന്നിലും പ്രപഞ്ചത്തിലും ഒരുപോലെ നിറഞ്ഞിരിക്കുന്ന പരമോന്നതനായ ആ പ്രഭുവിന് തന്റെ സര്‍വ്വകര്‍മങ്ങളും സമര്‍പ്പിക്കണം. ആ പ്രപഞ്ചചൈതന്യത്തിലിരിക്കുന്ന ഇച്ഛയുടെയും ക്രീയയുടെയും പൂര്‍ത്തീകരണത്തിനുള്ള ഒരു ഉപകരണമെന്ന നിലയില്‍ ഒടുവില്‍ തന്നെത്തന്നെ സ്വയം സമര്‍പ്പിക്കുകയും ചെയ്യണം. ഇതാണ് അന്തിമമായ പ്രശ്‌നപരിഹാരം. ഇങ്ങനെ ചെയ്താല്‍ പരിഹാരം ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളൊന്നും പിന്നീട് അവശേഷിക്കുന്നില്ലെന്ന് കാണാം.
അറിവെന്ത്? അറിവില്ലായ്മ എന്ത്?
എന്നാല്‍ സ്വന്തം ആത്മസത്തയെ കണ്ടെത്തലും ആന്തരിക ദിവ്യത്വത്തെ അറിയലും എളുപ്പമുള്ള കാര്യമല്ല. ഇനി മനസ്സുകൊണ്ട് അറിഞ്ഞാല്‍തന്നെയും അത് ബോധസത്തയായി രൂപാന്തരപ്പെടുത്താനും കര്‍മ്മാനുഷഠാനത്തിന്റെ വ്യവസ്ഥയാക്കാനും ഒട്ടും എളുപ്പമല്ല. സര്‍വ്വ കര്‍മ്മങ്ങളും നമ്മുടെ അസ്തിത്വത്തിന്റെ കാര്യക്ഷമതയാല്‍ നിയതമാണ്. ഈ കാര്യക്ഷമത നിര്‍ണ്ണീതമായിരിക്കുന്നത് നമ്മുടെ ജീവബോധത്താലും ആത്മദര്‍ശനേച്ഛയാലും അതിന്റെ ചലനാത്മകാടിസ്ഥാനത്താലുമാണ്. നാമാരെന്നും ലോകവുമായി നമുക്കുള്ള ബന്ധമെന്തെന്നും നിശ്ചയിക്കുന്നത് നമ്മുടെ ശ്രദ്ധയാണ്. എന്നാല്‍ ബോധം ദൈ്വതഭാവേന വര്‍ത്തിക്കുന്നു. അസ്തിത്വത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യത്തോടും ബാഹ്യാവസ്ഥയോടും സാദൃശ്യമുള്ളതായിരിക്കുന്നു. അതിലൊന്നില്‍ മനസ്സ് ജീവിക്കുമ്പോള്‍ മാനുഷികമായ അജ്ഞാനത്തിലാണത്. മറ്റേതില്‍ മനസ്സിരിക്കുമ്പോള്‍ ദിവ്യജ്ഞാനത്തിലും അത് അധിഷ്ഠിതമായിരിക്കും.
എന്താണ് പ്രകൃതി?
നാം പ്രകൃതിയെന്ന് വിളിക്കുന്നതാണ് ബാഹ്യാവസ്ഥയിലുള്ള അസ്തിത്വത്തെ സംബന്ധിക്കുന്ന സത്യം. നമ്മുടെ അസ്തിത്വത്തിന്റെ ഘടനയും നിയമവുമായി സ്ഥിതിചെയ്യുന്ന ഒരു ശക്തിയാണത്. അതാണ് ലോകനിര്‍മ്മാണശക്തി ലോകം നമ്മുടെ ഇന്ദ്രിയമനസ്സുകള്‍ക്ക് വിഷയമാവുന്നു. ആ ഇന്ദ്രിയ മനസ്സുകളേയും സൃഷ്ടിക്കുന്നത് അതേ ശക്തിതന്നെയാണ്. ഇന്ദ്രിയങ്ങളും മനസ്സും നമ്മെയും നാം ജീവിക്കുന്ന ലോകത്തെയും ബന്ധിപ്പിക്കുന്ന ഉപാധിയാണ്.
ഇച്ഛ സ്വതന്ത്രമാണോ? കര്‍മ്മവുമായി അതിനു ബന്ധമുണ്ടോ?
ഇങ്ങനെയുള്ള അസ്തിത്വത്തിന്റെ ബാഹ്യാവസ്ഥയില്‍ മനുഷ്യന്‍ ഒരു പ്രകൃതിജീവിയാണ്. ഓരോ ജീവിയും മറ്റു ജീവികളില്‍ നിന്ന് വേറെയാണ്. ജീവന്‍കൊണ്ടും മനസ്സുകൊണ്ടും ജീവിതംകൊണ്ടും ശരീരം കൊണ്ടും പ്രത്യേകിച്ച് അഹങ്കാരംകൊണ്ടും പ്രത്യേകമാണ് എന്ന് തോന്നിക്കുന്ന ഒരസ്തിത്വമാണ് ഓരോ ജീവിക്കുമുള്ളത്. അഹങ്കാരത്തിന്റെ സൂഷ്മഘടന തന്നെ വേര്‍പാടിന്റെയും വ്യത്യസ്തതയുടേയും ബോധം കേന്ദ്രീകരിക്കാനും ഉറപ്പിക്കാനുമുള്ളതാണ്. ഓരോ ജീവിക്കുമുള്ളത്. അഹങ്കാരത്തിന്റെ സൂക്ഷ്മഘടന തന്നെ വേര്‍പാടിന്റെയും വ്യത്യസ്തയുടേയും ബോധം കേന്ദ്രീകരിക്കാനും ഉറപ്പിക്കാനുമുള്ളതാണ്. ഓരോ ജീവിയുടേയും മനസ്സും മനോവൃത്തികളും ശരീരവും ജീവിതവുമെല്ലാം അതിന്റെ സ്വഭാവനിയമേന നിയതമാണ്.
സ്വന്തം പ്രകൃതിയുടെ അഥവാ സ്വഭാവത്തിന്റെ പുറത്തേക്ക് കടക്കാനാര്‍ക്കുമാവില്ല. എന്നാലും അതിന്റെ അഹന്തയില്‍ നിന്നുണരുന്ന ഇച്ഛയ്ക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ടെന്ന് നിനയ്ക്കുന്നു. ഇതൊരാരോപണമാണ്. അയഥാര്‍ത്ഥമാണ്. തന്റെ സൃഷ്ടിരൂപത്തോട് താദാത്മ്യം പ്രാപിക്കാനുള്ള ഒരുപായമെന്ന നിലയ്ക്ക് ഈ അഹംകാരം തന്നെയും സൃഷ്ടിയില്‍ത്തന്നെ നല്കപ്പെട്ടതാണ്. പ്രകൃതിയുടെ ഒരുല്പന്നം മാത്രമാണത്. അതിനാല്‍ അഹങ്കാരത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും ഇച്ഛ. ഇച്ഛക്കനുസരിച്ചിരിക്കും കര്‍മ്മം. തദന്യമായ കര്‍മ്മം സാധ്യമല്ലാതെ വരുന്നു.
മനുഷ്യന്‍ ഒരു പ്രാകൃത ജീവിമാത്രമോ?
മനുഷ്യന് തന്നെക്കുറിച്ചുള്ള സാധാരണബോധം ഇതാണ്. ഇതാണ് തന്റെ അസ്തിത്വത്തിലുള്ള വിശ്വാസവും, താനൊരു പ്രകൃതിജീവിയാണെന്നും അന്യരോടും ലോകത്തോടും ബന്ധപ്പെട്ടുകൊണ്ട് തന്റെ വികാസത്തിനും ആഗ്രഹാദികളുടെ പൂര്‍ത്തിക്കും വേണ്ടി ആവുന്നതെല്ലാം തന്റെ പ്രകൃതി അനുവദിക്കുന്നിടത്തോളം ചെയ്യുക എന്നുള്ളതിലൊതുങ്ങി നില്ക്കുന്നതാണ് ഓരോ ജീവിയുടെയും അസ്തിത്വബോധം.
എന്നാല്‍ ഈ നിര്‍ദ്ദിഷ്ട രൂപത്തിലുള്ള വിശ്വാസത്തോട് പൊരുത്തപ്പെടാത്ത ചിലത് മനുഷ്യബോധത്തോടൊപ്പം വളരുന്ന ശ്രദ്ധയാണത്. അസ്തിത്വത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യത്തിലുള്ള ശ്രദ്ധ. ഇതനുസരിച്ച് അസ്തിത്വത്തെ സംബന്ധിച്ച സത്യം പ്രകൃതിയിലെന്നതിലേറെ ആത്മാവിലാണ് ചൈതന്യത്തിലാണ് പുരുഷനിലാണ് സ്ഥിതിചെയ്യുന്നത്. പുരുഷന്‍ എല്ലാറ്റിലും കുടികൊള്ളുന്ന അദ്വീതീയവും ഏകമാത്രവുമായ ചൈതന്യമാണ്. ആ ബോധചൈതന്യസ്വരൂപിയായ ഈശ്വരനാണ് ഈ ലോകത്തിന്റെ യജമാനന്‍. അവന്റെ ഒരംശം പ്രകടീഭവിച്ചതാണ് ലോകം. അവന്റെ ശക്തിയുടെ ശില്പമാണത്. അതിനാല്‍ പ്രകൃതിയേയും പ്രകൃതിധര്‍മ്മത്തേയും ധരിക്കുന്നത് അവന്‍തന്നെയാണ്. അവന്റെ അനുമതിയാല്‍ പ്രകൃതി പ്രവര്‍ത്തനക്ഷമമാവുന്നു. പ്രകൃതിനിയമം അനുലംഘ്യമാവുന്നു. അറിവായിരിക്കുന്നതും അറിയുന്നതും പ്രകൃതിയെത്തന്നെ ബോധമയിയാക്കുന്നതും, അവളില്‍ അന്തര്‍ഭവിച്ച ചൈതന്യമാണ്. അവന്റെ അതീന്ദ്രിയബോധത്തില്‍ നിന്നുണരുന്ന ഗംഭീരമായ ഇച്ഛ അവളെ പ്രചോദിപ്പിക്കുന്നു. പ്രവര്‍ത്തിപ്പിക്കുന്നു. ആ ബോധസ്വരൂപന്റെ ഒരംശമാണ് മനുഷ്യാത്മാവ്. അവന്റെ പ്രകൃതിയും മനുഷ്യാത്മാവ് പങ്കിടുന്നു. അവളുടെ ചലനങ്ങളിലും പ്രവര്‍ത്തിക്കുന്നത് അവന്റെ ഇച്ഛയാണ്.
ആത്മാനുഭൂതി എങ്ങനെ കൈവരും?
പക്ഷെ ആത്മാവ് ബുദ്ധിയില്‍ നിന്ന് മറഞ്ഞിരിക്കുന്നു. ബുദ്ധി ശരീരത്തിലും ജീവിതത്തിലും ബാഹ്യലോകത്തിലും അതിന്റെ വ്യാപാരങ്ങളാല്‍ മുഴുകിയിരിക്കകൊണ്ട് ആന്തരിക വസ്തുക്കളെ തിരിച്ചറിയാനുള്ള സൂഷ്മത അതിന് കൈമോശം വന്നുപോയിരിക്കുന്നു ജാഗ്രദാവസ്ഥയിലുള്ള മനുഷ്യാത്മാവിന് അതിന്റെ അന്ത:കരണത്തോടും ഇന്ദ്രിയങ്ങളോടുമുള്ള താദാത്മ്യ ഭാവത്തില്‍ നിന്ന് പിന്‍മടങ്ങാന്‍ കഴിഞ്ഞാല്‍, ആന്തരികയാര്‍ത്ഥ്യത്തിലുള്ള പൂര്‍ണ്ണവിശ്വാസത്തില്‍ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍, ആന്തരികയാഥാര്‍ത്ഥ്യത്തിലുള്ള പൂര്‍ണ്ണവിശ്വാസത്തില്‍ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ എല്ലാം വ്യത്യാസപ്പെടുന്നതായി കാണാം. ജീവിതവും അസ്തിത്വവും രൂപാന്തരപ്പെടും. കര്‍മ്മത്തിന്റെ സ്വഭാവവും അര്‍ത്ഥവും മറ്റും പിന്നെ പ്രകൃതി സമ്മാനിച്ച ഈ ചെറിയ അഹന്തയിലാവില്ല നമ്മുടെ നിലനില്പ്. ദിവ്യവും അമൃതവും ആത്മീയവുമായ ഒരു മഹാശക്തിയുടെ വിശാലത്തിലായിരിക്കും. പരിമിതമായും ക്ലേശകരമായും ജീവിയ്ക്കുന്ന ഒരു പ്രമാണിയുടെ, മാനസിക നിലയുടെതല്ല പിന്നെ നമ്മുടെ ബോധം; അത് അനന്തവും ദിവ്യവും ആദ്ധ്യാത്മികവുമായ ഒരു ബോധമായിരിക്കും. അതുപോലെ ഇച്ഛയും ക്രിയയും ഒരു പരിമിത വ്യക്തിയുടേതാവില്ല. അവ ദിവ്യവവും ചൈതന്യവത്തുമായിരിക്കും. സര്‍വ്വാത്മാവ് ഒരു മനുഷ്യരൂപത്തിലൂടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കും വിധമായിരിക്കും.
എല്ലാപേര്‍ക്കും ആത്മാനുഭൂതി ഉണ്ടാവാത്തതെന്ത്?
ഈ മഹത്തായ പരിണാമത്തിനും രൂപാന്തരീകരണത്തിനും ചിലര്‍ തിരഞ്ഞെടുക്കപ്പെടുന്നു. അവരുടെ ഇച്ഛാശക്തിയെ ഇന്ദ്രിയമനസ്സുകളുടെ അറിവില്ലായ്മയില്‍ നിന്ന് ആത്മാവിന്റെ അതിഗഹനമായ അനുഭൂതിയിലേക്ക് നയിക്കപ്പെടുന്നു. അന്തരാത്മാവിന്റെ ദിവ്യതയിലേക്ക് ഇച്ഛയെ പ്രവേശിപ്പിച്ചിരിക്കുന്നു. ഈ വിശ്വാസത്തേയും മഹത്തായ നിയമത്തേയും ഇവര്‍ക്ക് സ്വീകരിക്കാന്‍ കഴിയും. സ്വന്തമായ അവ്യക്തരൂപങ്ങളോടും അറിവല്ലായ്മയുടെ അര്‍ദ്ധവെളിച്ചങ്ങളോടും മനസ്സിനോടും സ്‌നായുക്കളോടും, ഭൗതിക ശരീരത്തോടും നിരന്തരം ബന്ധപ്പെട്ട് നില്ക്കുന്ന മനുഷ്യബുദ്ധിയ്ക്ക് ഇത്തരം ആത്മാനുഭൂതിയുണ്ടാവുക വളരെ വിഷമമാണ്. എന്നാല്‍ ഒരിക്കലത് കിട്ടിക്കഴിഞ്ഞാല്‍ അത് സുരക്ഷിതമായ ഭദ്രമായ അനുഭവമായി. കാരണം അത് മനുഷ്യാസ്തിത്വത്തിന്റെ സത്യവുമായി അഭേദപ്പെട്ട വഴിയാണ് ശ്രേഷ്ഠതമവും ആന്തരതമമായ പ്രകൃതിയുടെ ആധികാരികമായ ചലനമാര്‍ഗ്ഗവുമാണത്.
Discussion about this post