കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചംഗ കുടുംബത്തിലെ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ്(3) ആണ് മരിച്ചത്. അപ്രതീക്ഷിതമായ കനത്ത മഴ വന്‍ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്.
തെരച്ചിലില്‍ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയുള്‍പ്പെടെ അഞ്ചംഗകുടുംബമാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടത്. കാണാതായ ബാക്കി നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളായ ആനക്കാംപൊയില്‍, തിരുവമ്പാടിക്കു സമീപമുള്ള പുല്ലൂരാംപാറ എന്നീ പ്രദേശങ്ങളിലാണ് ഉച്ചക്കുശേഷം ഉരുള്‍പൊട്ടലുണ്ടായത്.
കണ്ണൂരിലെ ഇരിട്ടി മലയോരമേഘലയിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇവിടെ കാറും ബൈക്കുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിരുന്നു. ഫയര്‍ഫോഴ്‌സിനു എത്തിച്ചേരാനാകാത്തതില്‍ നാട്ടുകാര്‍ തെരച്ചില്‍ തുടരുകയാണ്. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നേരിടാന്‍ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കിയതായി ജില്ലാകളക്ടര്‍ അറിയിച്ചു. തികച്ചും അപ്രതീക്ഷിതമായ കാലാവസ്ഥമാറ്റമാണെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം പറഞ്ഞു.
Discussion about this post