കൊല്ലം:മുന്‍മന്ത്രിയും ആര്‍.എസ്.പി. (എം) നേതാവുമായ ബാബു ദിവാകരന് കോണ്‍ഗ്രസ്സിലേക്ക്. കടവൂര്‍ ശിവദാസനുശേഷം കോണ്‍ഗ്രസ്സില്‍ ചേരുന്ന ആര്‍.എസ്.പി.നേതാവായിരിക്കും ബാബു ദിവാകരന്‍. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം ബാബു ദിവാകരന്‍ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
മൂന്നുതവണ കൊല്ലത്തുനിന്നുള്ള എം.എല്‍.എ.യും ഒരുതവണ തൊഴില്‍മന്ത്രിയുമായിരുന്ന ബാബു ദിവാകരന്‍ 2008 നവംബര്‍ 16ന് മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിയുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ ആര്‍.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാന്‍ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17ന് എസ്.പി.വിടുകയും ചെയ്തു.
യു.ഡി.എഫില്‍ പുനഃപ്രവേശനം നേടുക എന്നതായിരുന്നു ആര്‍.എസ്.പി.(എം)യുടെ ലക്ഷ്യം. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവശ്യപ്പെടാതെ തന്നെ ആര്‍.എസ്.പി.(എം) യു.ഡി.എഫിനെ പിന്തുണച്ചു. എന്നാല്‍ ബാബു ദിവാകരന്റെ പാര്‍ട്ടിയെ യു.ഡി.എഫില്‍ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുമായി ബാബു ദിവാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായും ബന്ധപ്പെട്ടു.
എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ബാബു ദിവാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാര്‍ട്ടിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പാര്‍ട്ടിയില്‍ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസ്സില്‍ ചേരാനാണ് ബാബു ദിവാകരന്‍ ഉദ്ദേശിക്കുന്നത്.
മുന്‍മന്ത്രിയും ആര്‍.എസ്.പി.യുടെ സമുന്നതനേതാവും ആയിരുന്ന ടി.കെ.ദിവാകരന്റെ മകനായ ബാബു ദിവാകരന്‍ 87-ലും 96-ലും ആര്‍.എസ്.പി. ടിക്കറ്റില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായും 2001-ല്‍ ആര്‍.എസ്.പി.(ബി) ടിക്കറ്റില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായുമാണ് എം.എല്‍.എ.ആയത്.
2001-ല്‍ ഷിബു ബേബിജോണിനൊപ്പം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ദിവാകരന്‍ പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലി ഷിബുവുമായി പിണങ്ങി സ്വന്തം നിലയില്‍ ആര്‍.എസ്.പി.(എം) രൂപവത്കരിച്ചു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.
Discussion about this post