കോട്ടയം: എറണാകുളം – കോട്ടയം റെയില്‍പ്പാതയില്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍പാളത്തിനടുത്തു പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന് ആണ് അന്വേഷണ ചുമതല. കേസ് കൈമാറി ഡിജിപിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണു റിപ്പോര്‍ട്ട്. ഗൗരവമുളള കേസായി പരിഗണിച്ചു കൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.
വെള്ളൂര്‍ തോന്നല്ലൂരില്‍ ട്രാക്കിനോടു ചേര്‍ന്ന സിഗ്നല്‍ ബോക്‌സിന്റെ കോണ്‍ക്രീറ്റ് തറയില്‍ ഇന്നലെ രാവിലെ 9.45നാണു ബോംബ് കണ്ടെത്തിയത്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരുന്നതെന്ന് ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചില ആളുകളെ നിരീക്ഷിച്ചുവരികയാണ്. തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പഴുതില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post