പിറവം: റേയില്‍പാളത്തിനു സമീപം ബോംബവെച്ച കേസിലെ പ്രതി മുളന്തുരുത്തി വെളിയനാട് അലകത്ത് വീട്ടില്‍ സെന്തില്‍കുമാറിനെ ഇന്നലെ സംഭവസ്ഥലമായ വെള്ളൂര്‍ റയില്‍വേ പാലത്തിന് സമീപം തെളിവെടുപ്പിന് കൊണ്ടുവന്നു. കോട്ടയത്ത് നിന്നു ജില്ലാ പൊലീസ് മേധാവി സി. രാജഗോപാലിന്റെ നേതൃത്വത്തില്‍ രാവിലെ 10.30നാണ് ഇയാളെ തെളിവിടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. ബോംബ് സ്ഥാപിച്ച സ്ഥലവും രീതിയും ഇയാള്‍ പൊലീസിന് വിശദീകരിച്ചു. ഒരു മണിക്കൂറോളം ഇവിടെ തെളിവെടുത്തു.
ബുധന്‍ അര്‍ധരാത്രിക്കു ശേഷമാണ് സെന്തില്‍ ഇവിടെ ബോംബ് സ്ഥാപിച്ചത്. പൊലീസ് അന്വേഷിക്കുന്ന സന്തോഷും സെന്തിലിനൊപ്പമുണ്ടായിരുന്നു. സെന്തിലിന്റെ ബൈക്കിലാണ് ഇരുവരും സ്ഥലത്ത് എത്തിയത്. പാളത്തിലേക്കുള്ള വഴിച്ചാലിലൂടെ മുകളിലുള്ള റയില്‍ പാളത്തിലെത്തിയ സെന്തില്‍ പാളത്തിന്റെ നടുക്കായി ബോംബ് അടങ്ങിയ പാത്രം സ്ഥാപിക്കുകയായിരുന്നു. സന്തോഷാണ് ബോംബ് നിര്‍മിച്ചു നല്‍കിയതെന്ന് സെന്തില്‍ പറഞ്ഞു. ഇതിനാവശ്യമായ സ്റ്റീല്‍ പാത്രം പിറവത്തുനിന്നു സെന്തില്‍തന്നെയാണ് വാങ്ങിയത്.
Discussion about this post