കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിച്ച് പൊട്ടിത്തെറിച്ച അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ചാല ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലതയാണ് മരിച്ചത്. കൊയിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. രാത്രി 11-30ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അപകടത്തില്‍ പൊള്ളലേറ്റ 39 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ പതിമൂന്നു പേരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ്. 15 പേരുടെ പരിക്ക് ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജ് കൂടാതെ കണ്ണൂരിലെയും തലശേരിയിലെയും വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന അഞ്ച് വീടുകളും 15 കടകളും കത്തിനശിച്ചു.
റസാഖ്, റമീസ്, രമ, കുഞ്ഞികൃഷ്ണന്‍, പ്രമോദ്, ലത, ആയിഷു, റീന, ദേവി, പ്രസാദ്, വിനീത, ഹനന്‍ എന്നിവരെയാണ് പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ തലശേരിയിലെയും കണ്ണൂരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തു നിന്നും ആളുകള്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിപ്പിച്ചു. പരിസരത്തെ വീടുകളിലും റോഡുകളിലും കിടന്ന വാഹനങ്ങള്‍ക്കും തീപിടിച്ചു. സ്ഥലത്ത് ഗതാഗതം പൂര്‍ണമായി നിലച്ചു. പത്തോളം ഫയര്‍ ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ തീ വ്യാപിച്ചതായി കണ്ണൂര്‍ എസ്പി അറിയിച്ചു.
അപകടമുണ്ടായപ്പോള്‍ത്തന്നെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. തമിഴ്നാട് സ്വദേശി കണ്ണയ്യനാണ് ലോറി ഓടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ബാഗ് പോലീസ് കണ്ടെടുത്തു. മഹാരാഷ്ട്രയില്‍ വന്ന ലോറിയാണെന്നാണ് സംശയിക്കുന്നത്. മന്ത്രി കെ.പി. മോഹനന്‍ സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍ എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിക്കും.
Discussion about this post