കണ്ണൂര്‍:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സമാധാനപരമായ സാഹചര്യമാണ് ഇപ്പോളുള്ളത്. ഇനി ചില കേന്ദ്രമന്ത്രിമാര്‍ക്ക് താല്‍പര്യമാണെങ്കില്‍ അവര്‍ക്ക് നേരിട്ട് കേന്ദ്രസേനയെ അയയ്ക്കാം. അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ആവശ്യമായ ഘട്ടം വന്നാല്‍ കേന്ദ്രസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയുമില്ല. പട്ടാളത്തിന് ഇപ്പോള്‍ തന്നെ കശ്മീര്‍ പോലെയുള്ള സ്ഥലങ്ങളില്‍ വലിയ ജോലികളുണ്ട്. അവിടുത്തെ സ്ഥിതിഗതികള്‍ നേരെയാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട് കാര്യമില്ല. അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള എല്ലാ ക്രമീകരണവും കേരളപോലീസ് ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പോലീസിനെ വിളിച്ചിട്ടുണ്‌ടെന്നും കോടിയേരി പറഞ്ഞു.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ കുഴപ്പമില്ലെന്ന വയലാര്‍ രവിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. മന്ത്രിസ്ഥാനത്തിരിക്കാന്‍ പോലും അദ്ദേഹത്തിന് യോഗ്യതയില്ല. ഇക്കാര്യത്തില്‍ വയലാര്‍ രവിയുടെ നിലപാടു തന്നെയാണോ കോണ്‍ഗ്രസിനുള്ളതെന്നു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 3218 പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലോക്കല്‍ പോലീസ്, ജില്ലാ സായുധസേന, ക്രൈംബ്രാഞ്ച് തുടങ്ങിയവയ്ക്ക് പുറമേ എകൈ്‌സസ്, വനം, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാന പാലനത്തിന് നിയോഗിക്കും. 15,000 സ്‌പെഷല്‍ പോലീസിനെയാണ് സംസ്ഥാനത്ത് നിയോഗിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏഴ് കമ്പനി പോലീസിനെ എത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് തിരഞ്ഞെടുപ്പ് ദിവസത്തേക്ക് പോലീസിനെ നല്‍കാനും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post