പട്‌ന: അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ ബിഹാര്‍ നിയമസഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 30 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.ബിര്‍പു മണ്ഡലത്തിലെ ചത്തപുരില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തത് ആശങ്ക പരത്തി.കതിഹാര്‍ ജില്ലയിലെ പരന്‍പുരിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പ്രിസൈഡിങ് ഓഫീസര്‍ ഹൃദയസ്തംഭനം വന്ന് മരിച്ചു. പിന്നീട് പകരം പ്രിസൈഡിങ് ഓഫീസറെ നിയമിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
സീമാഞ്ചല്‍, കോഡി, മിഥിലാഞ്ചല്‍ മേഖലകളിലെ 47 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് മൊത്തം ആറു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കിഷന്‍ഗഞ്ച്, അരാരിയ, പുര്‍ണിയ, മധേപുര, സഹര്‍സ, കത്യാര്‍, സപോള്‍, മധുബനി തുടങ്ങിയ എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 50. 2 ലക്ഷം സ്ത്രീകളുള്‍പ്പെടെ 1.07 കോടിപ്പേര്‍ ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിനുവേണ്ടി 10,898 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്.
52 സ്ത്രീകളുള്‍പ്പെടെ 631 സ്ഥാനാര്‍ഥികളാണ് വ്യാഴാഴ്ച ജനവിധി തേടുന്നത്. ജെ.ഡി. (യു.) മന്ത്രിമാരായ വിജേന്ദ്ര പ്രസാദ് യാദവ്, നരേന്ദ്ര നരെയ്ന്‍ യാദവ്, രേണു കുമാരി, ഹരിപ്രസാദ് ഷാ, കോണ്‍ഗ്രസ്സിന്റെ രാജ്‌നീത് രഞ്ജന്‍, ജയിലില്‍ കഴിയുന്ന മുന്‍ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്റെ ഭാര്യ രഞ്ജിതാ രഞ്ജന്‍, സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ചൗധരി മെഹബൂബ് അലി കൈസര്‍, ലൗലി ആനന്ദ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. കോണ്‍ഗ്രസ്സും ബി.എസ്.പി.യും 47 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ജെ.ഡി. (യു.) 26 സീറ്റുകളിലും ബി.ജെ.പി. 21 സീറ്റുകളിലും മത്സരിക്കുന്നു. ആര്‍.ജെ.ഡി. 31, എല്‍.ജെ.പി. 16, സി.പി.എം ഏഴ്, സി.പി.ഐ. 11, സി.പി.ഐ. (എം.എല്‍.) 17, എന്‍.സി.പി. 33 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
വോട്ടെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നേപ്പാള്‍, പശ്ചിമബംഗാള്‍ അതിര്‍ത്തികള്‍ അടച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോവാദികള്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ നടപടി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമായി മാവോവാദികള്‍ രംഗത്തെത്തിയതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നത്.
Discussion about this post