തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കൂടെക്കൂടെ റദ്ദാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. ടിക്കറ്റ് നിരക്കില്‍ വന്‍തോതില്‍ വര്‍ധന വരുത്തിയതോടൊപ്പം, വിമാനങ്ങള്‍ റദ്ദാക്കുകകൂടി ചെയ്തതോടെ ഗള്‍ഫ് യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും ഒടുവില്‍ ഷാര്‍ജയിലേക്കുള്ള വിമാനമാണു ശനിയാഴ്ച അപ്രതീക്ഷിതമായി റദ്ദാക്കിയത്. നിരവധി യാത്രക്കാര്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണു വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. പകരം സംവിധാനം ലഭിക്കാതെ പലരും നട്ടംതിരിഞ്ഞു. കേരളത്തില്‍ നിന്ന് ആഴ്ചയില്‍ 11 വിമാനങ്ങളാണു റദ്ദാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആറും കരിപ്പൂരില്‍ നിന്നു മൂന്നും കൊച്ചിയില്‍ നിന്നു രണ്ടും വിമാനങ്ങള്‍ ആഴ്ചയില്‍ റദ്ദാക്കുന്നതുമൂലം യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എമേര്‍ജിംഗ് കേരളയ്ക്കു പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നല്കിയ നിവേദനത്തിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.
ഗള്‍ഫ് യാത്രക്കാരുടെ യാത്രാക്ളേശം പരിഹരിക്കാനുള്ള സ്ഥായിയായ പരിഹാരമാര്‍ഗം എയര്‍കേരളയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടനേ കേരളത്തിന്റെ ഈ സ്വന്തം വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയും. എയര്‍ കേരളയ്ക്ക് അടിയന്തരമായി അനുമതി നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post