വടകര: ടി.പി. ചന്ദ്രശേഖന്‍ വധക്കേസ് അന്വേഷണം സിബിഐക്കു വിടുന്നതിനെക്കുറിച്ചു നിയമോപദേശം തേടിയശേഷം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുമായി ഒഞ്ചിയത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. രമയുടെയും കുടുംബത്തിന്റെയും ആവശ്യം ഗൌരവത്തോടെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.പിയുടെ വസതിയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രമയുമായും ആര്‍എംപി നേതാക്കളുമായും കൂടിയാലോചന നടത്തി. കേസ് സിബിഐക്കു കൈമാറിയാലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചന്ദ്രശേഖരന്റെ കുടുംബത്തെ അറിയിച്ചുവെന്നാണു സൂചന. കേരളാ പോലീസ് തന്നെ അന്വേഷണവുമായി മുന്നോട്ടു പോകുന്നതാണ് ഉചിതമെന്നും ഇതിനു കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രമ മന്ത്രിയോടു പറഞ്ഞു.
കേസ് ഭാഗികമായി സിബിഐ അന്വേഷിക്കുന്നതില്‍ ചില നിയമതടസങ്ങളുണ്െടന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ രമയും ആര്‍എംപിയും തൃപ്തരാണ്. ഇതേക്കുറിച്ചു രമയുടെ അഭിപ്രായം അറിയാനായിരുന്നു ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം.
ഇന്നലെ രാവിലെ പത്തിനാണു ആഭ്യന്തര മന്ത്രി രമയുമായി കൂടിക്കാഴ്ച നടത്തിയത്. ആര്‍എംപി നേതാക്കളായ എന്‍. വേണു, കെ.കെ. ജയന്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.സി. അബു, ബ്ളോക്ക് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പമാണു മന്ത്രി എത്തിയത്.
Discussion about this post