വാഷിങ്ടണ്‍: ദക്ഷിണേഷ്യയിലെ സമാധാനപാലനത്തിനായി കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തണമെന്ന് ഒബാമ ഭരണകൂടത്തോട് പാകിസ്താന്‍ ആവശ്യപ്പെട്ടു. അതേസമയം, പാകിസ്താന്റെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയല്ലെന്നും ആഭ്യന്തര ഭീകരശക്തികളാണെന്നും പാക് നേതൃത്വത്തെ അറിയിച്ചതായി അമേരിക്ക വ്യക്തമാക്കി. കശ്മീര്‍ പ്രശ്‌നത്തിന് ഇന്ത്യ – പാക് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണേണ്ടതാണെന്നാണ് അമേരിക്കയുടെ നിലപാട്.
ഇക്കാര്യം ഒബാമ ഭരണകൂടം ഒട്ടേറെ തവണ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ്. – പാക് മൂന്നാംഘട്ട പ്രതിരോധ ചര്‍ച്ചകള്‍ക്കായി വാഷിങ്ടണിലെത്തിയ പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനും അമേരിക്ക പരിശ്രമിക്കണം.
കശ്മീര്‍ ജനതയ്ക്ക് നീതി ലഭ്യമാക്കിക്കൊണ്ടാവണം ഇതു തുടങ്ങേണ്ടത് – ഏഷ്യാ സൊസൈറ്റിയും ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഖുറേഷി പറഞ്ഞു. കശ്മീരിലെ നിരായുധരായ യുവാക്കള്‍ക്കെതിരെ സേന നടത്തുന്ന ക്രൂരതകള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. മൂന്നു മാസത്തിനിടെ നൂറോളം യുവാക്കളാണ് കശ്മീരില്‍ മരിച്ചുവീണത്. അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിക്കുന്നതില്‍ അവരുടെ അമ്മമാര്‍ ആശങ്കാകുലരാണ് – ഖുറേഷി പറഞ്ഞു.
Discussion about this post