കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും വ്യാപാരപ്രമുഖനുമായ വട്ടാംപൊയില്‍ പി.പി. ഹൗസില്‍ പി.പി. നസീര്‍ അഹമ്മദിനെ (50) റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലാപ്പറമ്പ് ചേവരമ്പലം റോഡില്‍ പാച്ചാക്കല്‍ ഇറക്കത്തിനു സമീപം ഇന്നലെ രാവിലെ ആറോടെയാണു മൃതദേഹം കണ്ടത്. നസീറിന്റെ കാര്‍ അഞ്ചു കിലോമീറ്റര്‍ അകലെ ചേവായൂര്‍ ശാന്തിനഗര്‍ കോളനി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം. തലയുടെ പിന്നില്‍ മുറിവേറ്റിട്ടുണ്ട്. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ചയാണു മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കല്ലായിയിലെ ഇലക്‌ട്രോ എജന്‍സീസ് പാര്‍ട്ണറാണു നസീര്‍ അഹമ്മദ്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിണഷറും മൂന്ന് സി.ഐമാരും അടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
പരേതനായ കോയ മൊയ്തീന്‍, മറിയംബി എന്നിവരുടെ മകനാണ്. ഭാര്യ: വഫ. മക്കള്‍: നസ്‌വ, നഫ്‌ല, വസീര്‍ അഹമ്മദ്. ഭാര്യ അഹമ്മദാബാദിലായിരുന്നു. ജനാസ നമസ്‌കാരം ഇന്നു രാവിലെ 9.30നു പരപ്പില്‍ ശാദുലി പള്ളിയില്‍.
Discussion about this post