തിരുവനന്തപുരം: മലിനജല ശുദ്ധീകരണത്തിനുള്ള ലിച്ചറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയിലെത്തിച്ചു. പുലര്‍ച്ചെ രണ്ടു മണിക്കാണ് നടപടി. പ്ലാന്റിനു ചുറ്റും വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി പ്രകാരമാണ് പ്ലാന്റ് വിളപ്പില്‍ ശാലയിലെത്തിച്ചത്. തങ്ങള്‍ ഉറങ്ങിക്കിടന്നപ്പോള്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് അത്യന്തം ഖേദകരമാണെന്നും, ജനാധിപത്യ ധ്വംസനമാണെന്നും വിളപ്പില്‍ശാല നിവാസികളും സമരസമിതിയും പ്രതികരിച്ചു.
ഇതില്‍ പ്രതിഷേധിച്ച് വിളപ്പില്‍ ശാലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുന്നു. വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നിരാഹാരസമരം തുടങ്ങി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടരുമെന്ന് ശോഭനാകുമാരി അറിയിച്ചു.
വിളപ്പില്‍ശാല നിവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കെ രഹസ്യമായാണ് പ്ലാന്റ് എത്തിച്ചത്. യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നേരത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
അതേസമയം വിളപ്പില്‍ശാലയിലെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post