തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കുത്തിതുറന്ന് വന്‍ കവര്‍ച്ച. 351 പവന്‍ സ്വര്‍ണവും 124000-രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. ഇടപ്പഴഞ്ഞി പാങ്ങോട് സര്‍വീസ് സഹകരണ സംഘത്തിലാണ് മോഷണം നടന്നത്. ജനല്‍കമ്പി അറുത്ത് മാറ്റി അകത്തു കടന്ന മോഷ്ടാക്കള്‍ ഓഫീസിലെ സ്ട്രോംഗ് റൂം തകര്‍ത്ത് അതിനുളളില്‍ സൂക്ഷിച്ചിരുന്ന 351 പവന്‍ സ്വര്‍ണവും 1,24,000-രൂപയും അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ജനല്‍കമ്പികളും സ്ട്രോംഗ് റൂമും തകര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ ഈ വിവരം പൂജപ്പുര പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിസിപി. പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുളള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് തുടരുകയാണ്. ഓഫീസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തുനായയെ മയക്കിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ കൃത്യം നടത്തിയത്. ചുമര്‍ തുരന്ന് അകത്തുകയറാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ജനല്‍കമ്പി അറുത്തുമാറ്റിയത്.
Discussion about this post