തിരുവനന്തപുരം : വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ബുധനാഴ്ച ചുവട് വയ്ക്കും. വിദ്യാരംഭ ചടങ്ങിനായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തും. തിരുവനന്തപുരത്ത് ചെന്തിട്ട സരസ്വതീക്ഷേത്രത്തില് രാവിലെ 7 മുതല് ആദ്യാക്ഷരം കുറിക്കും.
വെള്ളായണി ദേവീക്ഷേത്രത്തില്‍ രാവിലെ 7.30 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തും പദ്മശ്രീ ഡോ. വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. പൂഴിക്കുന്ന് തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുമരിമുട്ടം മഹാവിഷ്ണു ക്ഷേത്രം മഠത്തില്‍ ഭഗവതി ക്ഷേത്രം, കൈമനം അമൃതാനന്ദമയിമഠം, തൃക്കണ്ണാപുരം എന്‍.എസ്.എസ്. കരയോഗം, ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തും.
ക്ഷേത്രങ്ങളിലും വിവിധ ആശ്രമങ്ങളിലും പൂജ വയ്പ്പും പ്രത്യേക പൂജകളും നടക്കും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ എല്ലാം വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, തബല, മൃദംഗം, വയലിന്‍, വീണ, ഗിത്താര്‍, ചിത്രരചന എന്നിവയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ സരസ്വതി ദേവിയെ ദര്‍ശിക്കുന്നതിനായി വന്‍ ഭക്തജനതിരക്കാണ് രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്നത്.
Discussion about this post