തിരുവനന്തപുരം: എയര്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞു പറഞ്ഞു മടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തിറക്കിയതിനു ശേഷമുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞു മടുത്ത സാഹചര്യത്തിലാണ് എയര്‍ കേരളയെക്കുറിച്ചു ചിന്തിച്ചത്. തിരുവനന്തപുരത്തുണ്ടായ സംഭവം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. വിമാനം തിരുവനന്തപുരത്ത് എത്തി രണ്ടു മണിക്കൂര്‍ വരെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എറണാകുളത്തേക്കു മടക്കിക്കൊണ്ടു പോകില്ലെന്നു പറഞ്ഞപ്പോഴാണു പ്രതിഷേധമുയര്‍ന്നത്. ഇതു സ്വാഭാവിക പ്രതിഷേധം മാത്രമാണ്.
വിമാനം റാഞ്ചി എന്നു വരെ പറഞ്ഞതു യാത്രക്കാരോടു കാട്ടിയ ക്രൂരതയാണ്. സ്ത്രീകളും കുട്ടികളുമൊക്കെ ഉള്‍പ്പെടുന്ന യാത്രക്കാരെ തിരുവനന്തപുരത്ത് ഇറക്കിവിട്ടാല്‍ ഉണ്ടാകാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് ഇവിടെയുണ്ടായത്. യാത്രക്കാരെ കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണമായിരുന്നു. കേന്ദ്രമന്ത്രി കാര്യങ്ങള്‍ നേരെ മനസിലാക്കാത്തതു കൊണ്ടാണ് യാത്രക്കാരെ കുറ്റപ്പെടുത്തി പ്രതികരിച്ചത്. പോലീസ് കേസ് എടുത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പരാതി കിട്ടിയാല്‍ പോലീസ് അന്വേഷിക്കുക എന്നതു പതിവാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവിടെ നടന്നത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.