തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ശുചീകരണയജ്ഞം സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡെങ്കിപ്പനി നിയന്ത്രണവും കൊതുക് നശീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഓഫീസ് മേധാവിയുടെ നേത്യത്വത്തിലാണ് കൊതുകിന്റെ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഡ്രെയിനേജ്, ടെറസ്, ഓവുചാലുകള്‍, ഫ്‌ളവര്‍ പോട്ട്, ഫ്രിഡ്ജിന്റെ ട്രേ, ഫിഷ് ടാങ്ക്, പരിസരപ്രദേശങ്ങളിലെ ചിരട്ട, ടയര്‍ തുടങ്ങി വെളളം കെട്ടിനില്‍ക്കാന്‍ സാധ്യതയുളള എല്ലാവിധ ഉറവിടങ്ങളും പരിശോധിച്ച് വെളളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിര്‍മ്മാണ സാമഗ്രികള്‍, ഉപയോഗശൂന്യമായ സാനിട്ടറിവെയേഴ്‌സ് തുടങ്ങിയവ നീക്കം ചെയ്യുകയും കൊതുകിന്റെ കൂത്താടി വളരാനുളള സാഹചര്യം ഇല്ലാതാക്കുകയും വേണം. വാട്ടര്‍ ടാങ്കുകളില്‍ കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കുന്ന മത്സ്യങ്ങളെ വളര്‍ത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ആഴ്ചയില്‍ ഒരുദിവസം ഓഫീസ് മേധാവിയുടെ നേത്യത്വത്തില്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post