സോമന്‍ സ്വാമി, മാവേലിക്കര
ചേങ്കോട്ടുകോണം ആശ്രമവുമായി ബന്ധപ്പെട്ടു ഞാന്‍ ജടാജൂടനായിട്ട് ഇന്നേയ്ക്കു ഇരുപത്തെട്ടു സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത, പറഞ്ഞാല്‍ തീരാത്ത എത്രയെത്ര അനുഭവങ്ങളാണ് എന്നെ ധന്യമാക്കിയിട്ടുള്ളത്! ആനന്ദാനുഭൂതി സാന്ദ്രങ്ങളായ അവ വാചാമഗോചങ്ങളാകയാല്‍ ഒരു കുറിപ്പിന്റെ ചെപ്പിനകത്തൊതുക്കി നിങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ഞാന്‍ അശക്തന്‍. എന്നാല്‍ സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹം കൊണ്ടു മാത്രം എന്റെ പൂര്‍വ്വാശ്രമത്തിലെ ധര്‍മദാരങ്ങളുടെ ജീവന്‍ നിലനിന്ന അദ്ഭുതകരമായ ആ സംഭവം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ.
ശോഭ, എന്റെ പൂര്‍വ്വാശ്രമത്തിലെ വാമഭാഗം അവള്‍ക്ക് കൂടെക്കൂടെ കലശലായ വയറുവേദന വരുന്നു. ആരംഭത്തില്‍ ചില ഒട്ടുമരുന്നുകള്‍ കഴിച്ചുനോക്കി. തല്ക്കാലശാന്തിയല്ലാതെ രോഗത്തിന് സ്ഥിരമായ ഒരു ശമനം ഉണ്ടാകുന്നില്ല. സ്വാമിജി അവളെ ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു. 1990-ാം ആണ്ട് മാര്‍ച്ച് മാസം മൂന്നാം തീയതി ഞാനവളെ ഡോക്ടര്‍ ശ്രീകണ്ഠന്‍ നായരുടെ അടുത്ത് കൊണ്ടുപോയി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടായിരുന്ന സര്‍ജനായിരുന്നു അദ്ദേഹം. പെന്‍ഷനായശേഷം മാവേലിക്കരയില്‍ ഒരു വലിയ ആശുപത്രി ഉണ്ടാക്കി അതില്‍ ജോലി ചെയ്തു വരികയാണ്. അദ്ദേഹം ശോഭയെ പരിശോധിച്ചു. ഗര്‍ഭപാത്രസംബന്ധിയായ രോഗമാണ്. ശസ്ത്രക്രിയയാണ് രോഗശമനത്തിന് ഏകപരിഹാരമാര്‍ഗ്ഗമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 21-ാം തീയതി ശസ്ത്രക്രിയചെയ്യാനുള്ള നിര്‍ദ്ദേശവുമുണ്ടായി.
സ്വാമി തൃപ്പാദങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഞാന്‍ അനുഗ്രഹം തേടി തിരുവനന്തപുരത്തുവന്നു. അനുഗ്രഹവിഭൂതിയും വാങ്ങി ഞാന്‍ അന്നേ ദിവസം തന്നെ മാവേലിക്കരയിലേക്കുമടങ്ങി. മടങ്ങവേ അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഇരുപതാം തീയതി തന്നെ നടത്തണം. ശസ്ത്രക്രിയ നടത്തേണ്ട ഇരുപത്തൊന്നാം തീയതിക്ക് ഇനി രണ്ടു ദിവസമേ ബാക്കിയുള്ളൂ. അന്ന് വളരെ തിരക്കുള്ള ആശുപത്രിയാണ് മാവേലിക്കരയിലെ ഡോ.ശ്രീകണ്ഠന്‍നായരുടെ ആശുപത്രി. തിരുവനന്തപുരത്തിരുന്നപ്പോള്‍ സമര്‍ത്ഥനായ സര്‍ജന്‍ എന്ന പേരുണ്ടായിരുന്നതിനാല്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും മാവേലിക്കരയിലെ ആശുപത്രിയില്‍ രോഗികള്‍ എത്തുന്നുണ്ടായിരുന്നു. ഒരു ദിവസം ചെയ്യാവുന്നത്ര ശസ്ത്രക്രിയകള്‍ ലിസ്റ്റില്‍പ്പെടുത്തി അവരെ ഓപ്പറേറ്റ് ചെയ്യുകയായിരുന്നു പതിവ്. അതിനാല്‍ 21-ാം തീയതി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ 20-ാം തീയതി ചെയ്യണമെന്നത് അന്നത്തെ സാഹചര്യത്തില്‍ സാധ്യമായിരുന്നില്ല. എങ്കിലും 19-ാം തീയതി ഉച്ചയ്ക്ക് ഞാന്‍ ഡോ.ശ്രീകണ്ഠന്‍നായരെ സമീപിച്ച് ഓപ്പറേഷന്‍ ഒരു ദിവസം നേരത്തേ, 20-ാം തീയതി തന്നെ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍ അദ്ദേഹത്തിന്റെ നിസ്സഹായത എന്നെ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള 21-ാം തീയതി തന്നെ ഓപ്പറേഷന്‍ നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
ഞാനെന്തുചെയ്യും, സ്വാമിജി പറയുന്നു 20-ാം തീയതി തന്നെ ഓപ്പറേറ്റു ചെയ്യണമെന്ന് ഡോക്ടര്‍ പറയുന്നു 21-ാം തീയതി ചെയ്താല്‍ മതിയെന്ന്, ഞാന്‍ പരുങ്ങലിലായി. പൂജാമുറിയില്‍ കയറി വാതിലടച്ചു. സ്വാമിജിയുടേയും, ഗുരുപാദരുടെയും മുന്നിലിരുന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. ഉച്ചയായപ്പോള്‍ അറിയിപ്പുണ്ടായി. ശോഭയുടെ ശസ്ത്രക്രിയ 20-ാം തീയതി തന്നെ നടത്തും. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഈ കാര്യം എങ്ങനെ സാധിച്ചു. ഞാന്‍ ആശുപത്രിയില്‍ പോയി തിരക്കി. 20-ാം തീയതി ശസ്ത്രിക്രിയ നിശ്ചയിച്ചിരുന്ന ഒരാളുടെ അടുത്ത ബന്ധു 21-ാം തീയതി രാവിലെയേ സ്ഥലത്ത് എത്തുകയുള്ളൂ. അതിനാല്‍ അദ്ദേഹത്തിന്റെ ശസ്ത്രിക്രിയ 20-ാം തീയതിയില്‍ നിന്ന് 21-ാം തീയതിയിലേയ്ക്ക് മാറ്റിത്തരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ച് മാറ്റി. വിധിവിഹിതം എന്നപോലെ ശോഭയുടെ ഓപ്പറേഷന്‍ 20-ാം തീയതിയിലേക്ക് നിശ്ചയിച്ചു. സ്വാമിജിയുടെ തീര്‍പ്പുതന്നെ ഫലിച്ചു. ശസ്ത്രക്രിയ 20-ാം തീയതി.
20-ാം തീയതി രാവിലെ ശസ്ത്രിക്രിയ. പ്രാരംഭക്രമീകരണങ്ങള്‍ കഴിഞ്ഞു. ഡോക്ടര്‍ തീയേറ്ററിനുള്ളിലേയ്ക്ക് പോകുന്നതുകണ്ടു. പിന്നാലെ ശോഭയേയും തീയേറ്ററിനുള്ളില്‍ കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തുവന്നു. അദ്ദേഹത്തെ ഞാന്‍ ആശ്ചര്യചകിതനായിക്കണ്ടു. എന്നെക്കണ്ടപാടെ അദ്ദേഹം ചോദിച്ചു. നിങ്ങള്‍ 20-ാം തീയതി തന്നെ ശസ്ത്രക്രിയ നടത്തണമെന്നുപറയാന്‍ എന്താ കാരണം? വേറെ ഏതെങ്കിലും ഡോക്ടറെ കാണിച്ച് ഉപദേശം വാങ്ങിയതാണോ? ഇന്ന് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നെങ്കില്‍ രോഗി…. ഞാന്‍ ചുവരിലേയ്‌ക്കൊന്ന് ചാഞ്ഞ് അവിടെ തറയില്‍ ഇരുന്നുപോയി. ഡോക്ടര്‍ എന്നെ തട്ടി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇനി പേടിക്കാന്‍ ഒന്നുമില്ല. ഓപ്പറേഷന്‍ ഗര്‍ഭപാത്രം മാറ്റാനുള്ള ശസ്ത്രക്രിയ തുടങ്ങവേ അപ്പന്റൈറ്റ്‌സ് പൊട്ടാറായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തികച്ചും വിജയമായിരുന്നു. ഇന്ന് ഓപ്പറേഷന്‍ ചെയ്തില്ലായിരുന്നെങ്കില്‍ അപ്പന്റിസൈറ്റിസ് പൊട്ടുമായിരുന്നു.
ഡോക്ടര്‍ തുടര്‍ന്നു പറഞ്ഞു. ഞാന്‍ കഴിഞ്ഞ അമ്പതുകൊല്ലമായി ശസ്ത്രക്രിയ ചെയ്യുന്ന ആളാണ്. എന്നാല്‍ ഈ ശസ്ത്രക്രിയ നടക്കവേ ഇന്നോളമുള്ള എന്റെ പരിചയ കൗശലത്തെ വെല്ലുന്ന ഒരു അനുകൂലശക്തി എന്നെ തുണയ്ക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഇന്നോളം ശസ്ത്രക്രിയക്ക് മുമ്പ് ഒരു രോഗി എന്നെ നമസ്‌ക്കരിച്ച് കണ്ടിട്ടില്ല. ഈ രോഗി എന്റെ പാദം തൊട്ട് നമസ്‌കരിച്ചു. എനിക്ക് ദൈവികമായ ഒരു ഉണര്‍വ്വുണ്ടായി. ആ ഉണര്‍വുകൂടിയാണ്. ഈ ശസ്ത്രക്രിയയുടെ വിജയത്തിനുകാരണം. അതിനാല്‍ ഈ ഓപ്പറേഷന് ഞാന്‍ ഫീസ് വാങ്ങുന്നില്ല. വൈകുന്നേരമായപ്പോള്‍ അവളെ മുറിയില്‍ കൊണ്ടുവന്നു. ഞാനവളോട് ചോദിച്ചു നീ ഡോക്ടറെ കാലില്‍ത്തൊട്ട് വന്ദിച്ചോ? അവള്‍പറഞ്ഞു. ഞാന്‍ കാലില്‍ത്തൊട്ട് വന്ദിച്ചു. അത് ഡോക്ടറെയല്ല. സ്വാമിജിയെയാണ്.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post