കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിനു റെയില്‍വെ നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു റെയില്‍വേ ക്ളെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ നഷ്ടപരിഹാരത്തിനു റെയില്‍വെ ബാധ്യസ്ഥരാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ അംഗം എ.ബി.എസ്. നായിഡുവും ടെക്നിക്കല്‍ അംഗം ഹര്‍ദജനുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സൗമ്യയുടെ മാതാവു സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനകം ആറു ശതമാനം പലിശയോടെ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
നിയമാനുസൃതമായ ടിക്കറ്റ് എടുത്തു യാത്ര ചെയ്ത സൗമ്യയെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി ഗോവിന്ദച്ചാമി കൊലപ്പെടുത്തുകയായിരുന്നുവെന്നു ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നല്‍കുന്നതിനെ റെയില്‍വേ എതിര്‍ത്തു. സൗമ്യയുടെ കുടുംബത്തിന് ആശ്വാസധനം എന്ന നിലയില്‍ മൂന്നു ലക്ഷം രൂപ കൊടുത്തിരുന്നുവെന്നും ഇതു നഷ്ടപരിഹാരമായി കരുതണമെന്നും റെയില്‍വെ വാദിച്ചു.
എന്നാല്‍ ഈ തുക കൊടുത്തതു പരിഗണിക്കാതെ പരമാവധി തുകയായ നാലു ലക്ഷം രൂപ കൂടി കൊടുക്കണമെന്നു ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2011 നവംബര്‍ ആറിനായിരുന്നു സംഭവം. എറണാകുളത്തു നിന്നു പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്ത സൗമ്യയെ പ്രതി ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
Discussion about this post