തിരുവനന്തപുരം: ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ ബാധ കണ്ടെത്തിയ വാര്‍ത്ത ഗൂഢാലോചനയാണെന്നത് ദേവസ്വം ബോര്‍ഡിന്റെ മാത്രം അഭിപ്രായമാണെന്ന് മന്ത്രി വി എസ് ശിവകുമാര്‍. അപ്പത്തില്‍ മാരകവിഷാംശമില്ലെന്നാണ് തനിക്ക് ലഭിച്ച അനൗദ്യോഗിക വിവരം. ദേവസ്വംബോര്‍ഡ് സ്വയംഭരണ സ്ഥാപനമായതിനാല്‍ പ്രസാദനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ നടത്തിയ പരിശോധനയില്‍ അപ്പത്തിലെ പൂപ്പല്‍ബാധ സ്ഥിരീകരിച്ചിരുന്നു.
പൂപ്പല്‍ കണ്ടെത്തിയ രണ്ടു ലക്ഷത്തോളം അപ്പം ശബരിമലയില്‍ നശിപ്പിച്ചിരുന്നു. പാണ്ടിത്താവളത്തിനു സമീപമുള്ള ഇന്‍സുലേറ്ററില്‍ തീയിട്ടാണ് അപ്പം നശിപ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post