പുരാണങ്ങളിലൂടെ ഭാഗം – 3
മഹാഭക്തന്റെ മോഹനവലയ പതനം
ഡോ.അദിതി
ഒരിക്കല്‍ നാരദമഹര്‍ഷി ഹിമാലയത്തിലെ ഒരു ഗുഹയില്‍ കഠിനതപസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനടുത്തുകൂടെ ഗംഗാനദി പ്രവഹിക്കുന്നുണ്ടായിരുന്നു. ആ കഠിനമായ തപസ്സിലൂടെ അഹംബ്രഹ്മാസ്മി എന്ന ഭാവത്തില്‍ എത്തിച്ചേരാന്‍ സാധിച്ചു. ഇതറിഞ്ഞ ദേവേന്ദ്രന്‍ ഞെട്ടി. അയാള്‍ക്ക് മാനസിക വ്യഥയുണ്ടായി. ഈ നാരദന്‍ എന്നെ സ്ഥാനഭ്രഷ്ടനാക്കി സ്വര്‍ഗ്ഗരാജ്യം പിടിച്ചെടുക്കുമെന്നാണ് തോന്നുന്നത്. അത് അനുവദിച്ചുകൂടാ. എങ്ങനെയും നാരദന്റെ തപസ്സ് തടസ്സപ്പെടുത്തണം. ഇന്ദ്രന്‍ കാമദേവനെ സ്മരിച്ചു. സ്മരണമാത്രയില്‍ കാമദേവന്‍ ഇന്ദ്രസന്നിധിയിലെത്തി. ഇന്ദ്രന്‍ ഉത്തരവിട്ടു. കാമദേവാ അങ്ങ് നാരദമുനിയുടെ തപസ്സിന് വിഘ്‌നമുണ്ടാക്കണം. ഇന്ദ്രന്റെ ആജ്ഞ ശിരസ്സാ വഹിച്ചുകൊണ്ട് വസന്തനുമൊത്ത് കാമദേവന്‍ തപോഭൂമിയിലെത്തി. കാമദേവനും വസന്തകനും ചേര്‍ന്ന് നാരദമുനിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അതില്‍ വിജയിച്ചില്ല. പരാജിതരായ അവര്‍ക്ക് മടങ്ങേണ്ടിവന്നു.
കാമദേവന്റെ അടവുകള്‍ ഇവിടെ ഫലിക്കാതെപോയതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. ഈ തപോഭൂമിയില്‍ തന്നെ പണ്ട് ശിവഭഗവാന്‍ തപസ്സ് അനുഷ്ഠിച്ചിരുന്നു. ആ അവസരത്തില്‍ ശിവന് ചാഞ്ചല്യമുണ്ടാക്കാന്‍ ശ്രമിച്ച കാമദേവന്‍ ഭസ്മമായിപ്പോയി. കാമനെ പുനര്‍ജനിപ്പിക്കാന്‍ രതിദേവീ ദേവന്മാരോട് പ്രാര്‍ത്ഥിച്ചു. ദേവന്മാരാകട്ടെ കാമന്റെ പുനര്‍ജന്മത്തിനുവേണ്ടി ഭഗവാന്‍ ശങ്കരനോട് യാചിച്ചു. പ്രസന്നനായ മഹാദേവന്‍ അരുളിചെയ്തു. അല്ലയോ ദേവന്‍മാരെ അല്പകാലംകഴിഞ്ഞ് കാമദേവന്‍ വീണ്ടും ജനിച്ചുവരും. എന്നാല്‍ ഒരുകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ തപോഭൂമിയില്‍ ഇവിടെനിന്ന് നോക്കിയാല്‍ കണ്ണെത്തുംവരെയുള്ള ഭാഗത്ത് അയാളുടെ കുടിലതന്ത്രങ്ങള്‍ വിലപോകുകയില്ല. മഹാദേവന്റെ ഈ നിശ്ചയമാണ് നാരദന്റെ മുമ്പില്‍ കാമന്‍ പരാജയപ്പെടാന്‍ കാരണം.
സ്വര്‍ല്ലോകത്ത് തിരിച്ചെത്തിയ കാമദേവന്‍ നടന്നതെല്ലാം ഇന്ദ്രനെ ധരിപ്പിച്ചു. ഇന്ദ്രന്‍ ആശ്ചര്യപ്പെട്ടുപോയി. നാരദമുനിയുടെ മനോബലത്തില്‍ അയാള്‍ക്ക് ബഹുമാനംതോന്നി. ശിവമായയാല്‍ മോഹിതനായതുകൊണ്ട് കാമദഹനവൃത്താന്തം ഇന്ദ്രന് ഓര്‍മ്മവന്നില്ല. വിജയകരമായി തപസ്സുപൂര്‍ത്തിയാക്കിയ നാരദന്‍ സ്വയം അഹങ്കരിച്ചു. അദ്ദേഹം പറഞ്ഞു ഞാന്‍ കാമദേവനെ പരാജയപ്പെടുത്തി. ഈ ചിന്ത നാരദനില്‍ അഹങ്കാരത്തിന്റെ വിത്തുപാകി. മഹാദേവന്റെ പ്രഭാവംകൊണ്ടാണ് കാമന്‍ തോറ്റുമടങ്ങിയതെന്ന സത്യം പാവം നാരദന് മനസ്സിലായിരുന്നില്ല. താന്‍ തന്നെയാണ് കാമനെ പരാജയപ്പെടുത്തിയതെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. കാമദേവന്റെ പേരിലുള്ള തന്റെ വിജയം അറിയിക്കുവാന്‍ ആ മാമുനി കൈലാസത്തിലെത്തി. തന്റെ വൈഭവം വെളിവാക്കുമാറ് ആ മുനിവര്യന്‍ കാമന്റെ പരാജയവൃത്താന്തം മഹാദേവനെ ധരിപ്പിച്ചു. തന്റെ തന്നെ മായ തന്നെ ആവരണം ചെയ്തിരുന്നതുകൊണ്ട് കാമദേവന്റെ പരാജയത്തിന്റെ പിന്നിലെ സംഭവം മഹാദേവനും ആ സമയം ഓര്‍ത്തില്ല.
സന്തുഷ്ടനായ മഹാദേവന്‍ നാരദനോടുപറഞ്ഞു ഹേ നാരദാ, അങ്ങ് വലിയ വിദ്വാന്‍തന്നെ അങ്ങ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഞാന്‍ ഒരു രഹസ്യം അങ്ങയോട് പറഞ്ഞുതരാം. ഈ വിജയവൃത്താന്തം രഹസ്യമായിതന്നെ വയ്ക്കണം. ആരോടും ഇതേപ്പറ്റി ഒരക്ഷരംപോലും ഉരിയാടിപ്പോകരുത്. അങ്ങ് വിഷ്ണുഭക്തനാണെന്ന് എനിക്കറിയാം. അതുകൊണ്ട് എടുത്തുപറയുകയാണ്. വിഷ്ണുവിനോടും ഇക്കാര്യം പറയരുത്. ആരെങ്കിലും ചികഞ്ഞുചോദിച്ചാലും പറയരുത്. അങ്ങ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് അതുകൊണ്ട് മാത്രമാണ് ഞാനിത് പറഞ്ഞത്. നാരദനും ഈ അവസരത്തില്‍ ശിവമായായാല്‍ മോഹിതനായിരുന്നു. അതുകൊണ്ട് ശിവന്റെ സാരോപദേശമൊന്നും നാരദന് പദ്യമായിതോന്നിയില്ല. ശിവനാമത്തില്‍നിന്നും അദ്ദേഹം നേരെ ബ്രഹ്മലോകത്തിലേക്ക് പോയി. അവിടെ എത്തിയശേഷം ബ്രഹ്മാവിനോട് പറഞ്ഞു പിതാവേ, ഞാനെന്റെ തപോബലംകൊണ്ട് കാമദേവനെ വീഴ്ത്തി. നാരദന്റെ ഈ വാക്കുകേട്ട ബ്രഹ്മദേവന്‍ ശിവപാദങ്ങളെ സ്മരിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇത്തരം പോഷത്ത്വവും വമ്പും വിളമ്പരുത് എന്ന് ശാസിച്ചു.
ശിവമായയാല്‍ മോഹിതനായിരുന്ന നാരദന്റെ മനസ്സില്‍ അഹങ്കാരം ആവോളം കുടികൊണ്ടിരുന്നതുകൊണ്ട് അച്ഛന്റെ ഉപദേശവും അയാള്‍ക്ക് മനസ്സിലായില്ല. തന്റെ വിജയവാര്‍ത്തധരിപ്പിക്കാനായി അദ്ദേഹം വിഷ്ണുലോകത്തിലേക്കോടി. നാരദമുനി വരുന്നതുകണ്ട് ഭഗവാന്‍ വിഷ്ണു അദ്ദേഹത്തെ ആലിംഗനം ചെയ്തു. നാരദന്റെ ആഗമനോദ്ദ്യേശം ഭഗവാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. എന്നാലും ആചാരമര്യാദ അനുസരിച്ച് പീഠത്തിലിരുത്തിയശേഷം വിഷ്ണുപറഞ്ഞു. മഹാമുനേ, അങ്ങ് എവിടെനിന്നുവരുന്നു? ഇവിടെ വന്നതിന്റെ കാരണം പറഞ്ഞാലും അങ്ങ് ധന്യനാണ് അങ്ങയുടെ ആഗമനംകൊണ്ട് ഞാനും പവിത്രനായി. അഹങ്കാരതിമിര്‍പ്പില്‍ നാരദന്‍ തന്റെ തപോവൃത്താന്തം വിഷ്ണുവിനോട് പറഞ്ഞു. വിഷ്ണു നാരദനെ ഉപദേശിച്ചു. ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും ഒരുവനിലില്ലെങ്കില്‍ കാമക്രോധമദമത്സരാദികള്‍ ഒരുവനില്‍ ചേക്കേറും. അങ്ങ് നൈഷ്ടിക ബ്രഹ്മചാരിയാണ്. അങ്ങയില്‍ കാമക്രോധാതികളൊന്നും പ്രവേശിക്കാന്‍ പാടില്ല. ഈ ഹരിവചനങ്ങള്‍ നാരദനില്‍ ചിരിയുണര്‍ത്തിയതേ ഉള്ളൂ. അദ്ദേഹം പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു അങ്ങയുടെ കൃപ എന്നിലുണ്ടല്ലോ.? പിന്നെ പാവം കാമദേവന്‍ എന്നോടു എന്തുകാണിക്കാനാണ്.? വിഷ്ണുവിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചശേഷം അദ്ദേഹം അവിടെനിന്ന് പോയി.
മഹാദേവന്റെ ആഗ്രഹം അനുസരിച്ച് നാരദന്റെ ഗര്‍വ്വം ഇല്ലാതാക്കാന്‍ ശ്രീഹരി തീരുമാനിച്ചു. നാരദമാമുനി സഞ്ചരിച്ചവഴിയില്‍ മായാവിശാരദനായ വിഷ്ണു ഒരു വിശാല നഗരം നിര്‍മ്മിച്ചു. ആ നഗരത്തെ വൈകുണ്ഠത്തെക്കാളും ശോഭയുള്ളതാക്കി തീര്‍ത്തു. ശീലനിധിയെന്ന രാജാവായിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. ആ നഗരത്തിലെവിടെയും വിഹാരസ്ഥലങ്ങളും ആരാമങ്ങളും ഉണ്ടായിരുന്നു. ശീലനിധി തന്റെ പുത്രിയുടെ സ്വയവരത്തിനുവേണ്ടി ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു ആ നഗരത്തിലാകെ ഉത്സവപ്രതീതി നടമാടിയിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം രാജകുമാരന്മാര്‍ സ്വയവരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അത്യന്തം കമനീയമായ ആ നഗരവും സ്വയവരോല്‍സാഹവുമെല്ലാം നാരദമുനിയേയും മോഹവലയത്തിലാക്കി. തുടര്‍ന്ന് ശീലിനിധിയുടെ കൊട്ടാരത്തിലെത്തിയ മുനിവരനെ രാജാവ് രത്‌നസിംഹാസനത്തിലിരുത്തി പൂജിച്ചു. അതിനുശേഷം തന്റെ സുന്ദരീമണിയായ മകള്‍ ശ്രീമതിയെ വിളിച്ച് നാരദമുനിയുടെ പാദനമസ്‌കാരം ചെയ്യിച്ചു. അവളുടെ സൗന്ദര്യത്തില്‍ മോഹിതനായ നാരദമുനി രാജാവിനോട് ചോദിച്ചു. ഹേ, രാജന്‍ ദേവകന്യകയ്ക്ക് തുല്യയായ ഈ സുന്ദരി ആരാണ്? രാജാവ് കൈകൂപ്പി മറുപടി പറഞ്ഞു. ഇവളെന്റെ പുത്രിയാണ് ഭഗവാന്‍. ഇവളുടെ പേര് ശ്രീമതി എന്നാണ്. ഇവളുടെ സ്വയവരം നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. ശുഭമുഹര്‍ത്തമടുത്തു. അങ്ങ് ഇവള്‍ക്ക് മംഗളം നേരണം.
ഇതിനകം കാമാതുരനായിതീര്‍ന്നിരുന്ന മുനിശ്രേഷ്ഠന്‍ കന്യകയെ ലഭിക്കാനുള്ള ആഗ്രഹത്തോടുകൂടി രാജാവിനോടു പറഞ്ഞു ഹേ, ഭൂപാലകാ താങ്കളുടെ മകള്‍ സമസ്ത ശുഭലക്ഷണങ്ങളുടെയും കേദാരമാണ്. ഏറെ സൗഭാഗ്യവതിതന്നെ. ലക്ഷ്മീദേവിയെപ്പോലെ സമസ്തഗുണങ്ങളും ഇവളില്‍ വിളങ്ങുന്നു. അതുകൊണ്ട് തീര്‍ച്ചയായും ഇവളുടെ വരന്‍ ഭഗവാന്‍ ശങ്കരനുതുല്യനും വൈഭവശാലിയും അപരാജിതനും ധീരനും വീരനും കാമവിജയിയുമായിരിക്കണം. അയാള്‍ ദേവകുലത്തില്‍ ശ്രേഷ്ഠനായിരിക്കണം.
ഇത്രയും പറഞ്ഞ് മനോവേഗചാരിയായ നാരദമുനി കൊട്ടാരത്തില്‍പോയി. കാമാവേശംകൊണ്ട് മതിമറന്ന മാമുനി ചിന്തിച്ചു. ഞാനെങ്ങനെയാണ് ഈ രാജകുമാരിയെ സ്വന്തമാക്കുക. സ്വയവരത്തിനു ഇവിടെവന്നിരിക്കുന്ന ധീരവീരന്മാരായ നരേശന്‍മാരെ ഉപേക്ഷിച്ച് അവള്‍ എന്നെ വരിക്കുമോ? എല്ലാ നാരികള്‍ക്കും സൗന്ദര്യം സര്‍വ്വപ്രിയമാണ്. സൗന്ദര്യം കണ്ടിട്ടുവേണം അവള്‍ എനിക്കധീനയാകാന്‍ ഇപ്രകാരം അലട്ടുന്ന ചിന്തകളുമായി മുനിവര്യന്‍ വിഷ്ണുലോകത്തെത്തി. പരമതോജോമയനായ ഭഗവാന്‍ വിഷ്ണുവിന്റെ രൂപം ധരിക്കാനായിരുന്നു ഉദ്ദേശ്യം.
വിഷ്ണുവിനെ വണങ്ങി മാമുനി അറിയിച്ചു. അങ്ങയുടെ ധര്‍മ്മരഥനായ ഭക്തന്‍ ശീലനിധിയുടെ മകളുടെ സ്വയംവരം ഉടനെ നടക്കുന്നു. അവള്‍ ത്രിഭുവനസുന്ദരികളില്‍വച്ച് അതിസുന്ദരിയാണ്. പ്രഭോ, എനിക്ക് എത്രയുംപെട്ടെന്ന് അവളെ കല്യാണം കഴിക്കണം. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് രാജാക്കന്മാര്‍ അവിടെ എത്തിയിട്ടുണ്ട്. ഹേ, നാഥാ ഞാന്‍ അങ്ങയുടെ ആജ്ഞാനുവര്‍ത്തിയായ ശിഷ്യനല്ലേ. അങ്ങ് അങ്ങുയുടെ ശോഭനമായ രൂപം എനിക്കുനല്‍കുക. അപ്പോള്‍ അനുപമ സുന്ദരനായിതീര്‍ന്ന എന്നെ അവള്‍ തീര്‍ച്ചയായും വരിച്ചുകൊള്ളും.
മഹാവിഷ്ണു മുനിവരനോടു അരുളിചെയ്തു മാമുനേ അങ്ങ് ഉദ്ദേശിക്കുന്ന സ്ഥലത്ത് പൊയ്‌ക്കൊള്ളുക ഞാനങ്ങയുടെ അഭിലാഷം പൂര്‍ത്തീകരിച്ചുതരാം. നീ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവനാണല്ലോ.
ഇപ്രകാരം അറിയിച്ച വിഷ്ണു നാരദമുനിക്ക് കുരങ്ങിന്റെ മുഖം കൊടുത്തു. മറ്റുള്ള അവയവങ്ങളെല്ലാം വിഷ്ണുസ്വരൂപത്തിന് തുല്യമായും നല്‍കി. വിഷ്ണുരൂപം കിട്ടിയെന്ന് വിശ്വസിച്ച നാരദന്‍ സ്വയവരമണ്ഡപത്തിലെത്തി. ആ സ്വയംവരസഭ ഇന്ദ്രസഭയ്ക്ക് തുല്യമായി ശോഭിച്ചു. സഭയിലെ മുന്‍നിരയിലിരുന്ന നാരദന്‍ സ്വയം ആശ്വസിച്ചു. ഭഗവാന്‍ വിഷ്ണുവിന് തുല്യനായ എന്നെയല്ലാതെ അവള്‍ ആരെയാണ് വരിക്കുക. എന്നെത്തന്നെ സ്വീകരിക്കും. നിശ്ചയംതന്നെ. തന്റെ മുഖം കുരങ്ങിന്റെതുപോലെ വിരൂപമാണെന്ന് പാവം നാരദന്‍ അറിഞ്ഞില്ല. പരിചാരകന്‍മാരായി ഒപ്പം കൂടിയ രണ്ട ശിവപാര്‍ഷദര്‍ നാരദനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. കാമാന്ധതകൊണ്ട് ഇതൊന്നും അദ്ദേഹമറിഞ്ഞില്ല.
സര്‍വ്വാഭരണഭൂഷിതയായ ശ്രീമതി സഭാമന്ദിരത്തിന്റെ നടുക്ക് ലക്ഷ്മീസമാനയായി നിലകൊണ്ടു. തനിക്ക് അനുരൂപനായ ഭര്‍ത്തവിനെതേടി വരണമാല്യവുമായി നടന്നുനീങ്ങി. കുരങ്ങിന്റെ മുഖത്തോടുകൂടി ഒരുവന്‍ ഇരിക്കുന്നതുകണ്ട് അവള്‍ കുപിതയായി. തലവെട്ടിത്തിരിച്ച് നടന്നുനീങ്ങി. തനിക്ക് യോഗ്യനായ വരനെ അവിടെ കാണാത്തതില്‍ ഖിന്നയായ അവള്‍ മൗനിയായി സഭയില്‍നിന്നു. ഇതിനിടയില്‍ ഭഗവാന്‍ വിഷ്ണുതന്നെ അവിടെയെത്തി. ഈ കന്യകയല്ലാതെ വേറെയാരും അദ്ദേഹത്തെ കണ്ടില്ല.
ഭഗവാനെ കണ്ടമാത്രയില്‍തന്നെ ആ പരമസുന്ദരി അതിപ്രസന്നയായി. തുടര്‍ന്ന് അദ്ദേഹത്തെ വരിച്ചു. ഞൊടിയിടയില്‍ രാജകുമാരിയെയുംകൊണ്ട് വിഷ്ണു അപ്രത്യക്ഷനായി. വൈകുണ്ഠത്തിലെത്തി. അത്യന്തം ദുഃഖിതനായിരുന്ന നാരദനെ നോക്കി രുദ്രഗണത്തില്‍പ്പെട്ട പാര്‍ഷദന്മാര്‍ പറഞ്ഞു. ഹേ,നാരദമഹര്‍ഷേ അങ്ങയുടെ ആഗ്രഹം വ്യര്‍ത്ഥമായി. അങ്ങ് സൗന്ദര്യത്തിന്റെ ബലത്തില്‍ രാജകുമാരിയെ സ്വീകരിക്കാന്‍ ഇരിക്കുകയായിരുന്നു അല്ലേ? അങ്ങയുടെ വാനരമുഖമൊന്നുനോക്കൂ. പാര്‍ഷാദന്‍മാരുടെ വാക്കുകേട്ട് നാരദന്‍ ക്രോധംകൊണ്ടു ജ്വലിച്ചു. എന്നിട്ട് ശിവഗണങ്ങളെ ശപിച്ചു. ശീവകീര്‍ത്തനംചൊല്ലി അവര്‍ അവിടെനിന്നുംപോയി. മോഹവലയത്തില്‍ രക്ഷനേടിയിട്ടില്ലാത്ത നാരദന്‍ കോപാക്രാന്തനായി തന്നെ ചതിച്ച വിഷ്ണുവിന്റെ സമീപത്തെത്തി. സമചിത്തത വെടിഞ്ഞിരുന്ന മാമുനി വിഷ്ണുവിനെ ശകാരിക്കാന്‍ തുടങ്ങി. ഹേ, വിഷ്ണു അങ്ങ് ദുഷ്ടനാണ് കപടതന്ത്രം പ്രയോഗിച്ച് എന്നെ ചതിച്ചവനാണ്. ഈ പ്രപഞ്ചത്തെമുഴുവന്‍ മോഹവലയത്തില്‍ വീഴ്ത്തുന്നവനാണ്. വേറെ ആരുടെയും സന്തോഷവും സമൃദ്ധിയും അങ്ങ് സഹിക്കുകയില്ല. അങ്ങ് മായാവിയാണ്. അങ്ങയുടെ മനസ്സ് ക്ഷുദ്രമാണ്. മുമ്പ് അങ്ങ് മോഹിനിയായി കപടനാടകം കളിച്ച് അസുരന്മാരെ വഞ്ചിച്ചിട്ടുണ്ട്. മഹേശ്വരനായ രുദ്രന്‍ കാരുണ്യകൊണ്ട് കാളകൂടം എന്ന വിഷം കഴിച്ചില്ലായിരുന്നുവെങ്കില്‍ താങ്കളുടെ സകലമായകളും അന്ന് അവസാനിക്കുമായിരുന്നു. വിഷ്ണുദേവാ അങ്ങയുടെ ഈ രീതി നല്ലതല്ല. താങ്കളുടെ ഈ ചതിസ്വഭാവം കണ്ട് ഇപ്പോള്‍ മഹേശ്വരന്‍പോലും പശ്ചാത്തപിക്കുന്നുണ്ടാവും. അങ്ങ് ഇന്നുവരെ തേജസ്വിയും ശക്തിസ്വരൂപനുമായ ഒരുവനോടു ഇത്തരത്തില്‍ ഇടപ്പെട്ടുകാണുകയില്ല. അതുകൊണ്ട് തിക്തഫലം അനുഭവിച്ചുകാണാന്‍ ഇടയില്ല. ഞാന്‍ ഇന്ന് അങ്ങയെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. ചെയ്ത അധര്‍മ്മത്തിന്റെ ഫലം ഞാന്‍ അനുഭവിപ്പിക്കും.
മായാമോഹിതനായ നാരദമുനി തന്റെ ബ്രഹ്മതേജസ് പ്രദര്‍ശിപ്പിച്ചുകൊണ്ട് എണീറ്റുനിന്നു. തുടര്‍ന്ന് ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഹേ, വിഷ്‌ണോ അങ്ങ് പെണ്ണിനുവേണ്ടി എന്നെ ദുഃഖിപ്പിച്ചു അങ്ങ് ഏതുരൂപംകൊണ്ടാണോ എന്നെ വഞ്ചിച്ചത് ആരൂപത്തോടുകൂടി മനുഷ്യനായി പിറക്കം. സ്ത്രീവിരഹദുഃഖം അങ്ങ് അനുഭവിക്കും. എന്നെ അങ്ങ് വാനരമുഖനാക്കിയില്ലേ. വാനരന്മാര്‍ മാത്രമേ അന്ന് അങ്ങയെ സഹായിക്കാനുണ്ടാവൂ. മായയുടെ മോഹത്തില്‍പ്പെട്ട് അങ്ങ് ദുഃഖിക്കും.
മഹാദേവന്റെ മായയെ പ്രശംസിച്ചുകൊണ്ടുതന്നെ മഹാവിഷ്ണു നാരദന്‍കൊടുത്ത ശാപം ഏറ്റുവാങ്ങി. മഹാദേവനാകട്ടെ നാരദനെ നിവേശിപ്പിച്ചിരുന്ന മായാമോഹത്തെ പിന്‍തിരിപ്പിച്ചു. ഉടന്‍ തന്നെ നാരദന്‍ സംശുദ്ധചിത്തനായി മാറി. നൈസര്‍ഗ്ഗിക ജ്ഞാനിയായ അദ്ദേഹത്തില്‍നിന്ന് എല്ലാ വ്യാകുലതകളും വിട്ടകന്നു. അറിയാതെ വന്നുപോയ പിഴവുകളില്‍ അയാള്‍ തന്നെ സ്വയം നിന്ദിച്ചു പശ്ചാത്തപിച്ചു. വൈഷ്ണവ ശിരോമണിയായ നാദരന്‍ ഭഗവാന്‍ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍വീണു മാപ്പപേക്ഷിച്ചു എന്നിട്ടു പറഞ്ഞു ഹേ, നാഥാ മായാമോഹിതനായ ഞാന്‍ ഭ്രാന്തചിത്തനായിരുന്നു. അതുകൊണ്ട് ഞാന്‍ അങ്ങയെ അധിക്ഷേപിച്ചു. ശപിക്കുകപോലും ചെയ്തു. ആ ശാപം ഫലിക്കുകയില്ലെന്നു കരുതണം. ഞാന്‍ പാപിയാണ്. നിശ്ചയമായും നരകത്തില്‍ പതിച്ചതുതന്നെ. അങ്ങ് എനിക്കുപറഞ്ഞുതരൂ. പാപമോചനത്തിനു ഞാന്‍ എന്തുപ്രായശ്ചിത്തം ചെയ്യണം? നരകത്തില്‍ നിന്ന് എനിക്ക് എങ്ങനെ മോചനം ലഭിക്കും. ഇത്രയുംപറഞ്ഞ് ശുദ്ധതേജസ്സായ നാരദന്‍ വിഷ്ണുപാദങ്ങളില്‍വീണു. ഭഗവാന്‍ വിഷ്ണു നാരദമുനിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇപ്രകാരം പറഞ്ഞു. മുനിവരാ ദുഃഖിക്കേണ്ട താങ്കള്‍ എന്റെ ശ്രേഷ്ഠഭക്തന്‍തന്നെ. നരകത്തില്‍വീഴാതെ നിന്നെ മഹാദേവന്‍ രക്ഷിച്ചുകൊളളും. നീ മോഹാക്രാന്തനായിട്ടാണ് ഭഗവാന്‍ ശുകന്റെ വാക്കുകേള്‍ക്കാത്തത്. ആ അപരാധത്തിന്റെ ഫലമാണ് അങ്ങ് അനുഭവിച്ചത്. അങ്ങ് അനുഭവിച്ചതെല്ലാം ശിവലീലകൊണ്ട് സംഭവിച്ചതാണ്. അങ്ങ് മഹാദേവനെ ശ്രവണ മനന നിത്യധ്യാനത്തിലൂടെ എന്നും പൂജിച്ചുകഴിയുക. ശിവമെന്ന നാമം കൊണ്ടുതന്നെ അസംഖ്യംപാപങ്ങള്‍ ഭസ്മമായിപ്പോകും. ശിവപൂജമാത്രമാണ് സംസാരബന്ധമോചനത്തിനേറ്റവും ഉപായം. ശിവപാദങ്ങള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അങ്ങ് ശിവതീര്‍ത്ഥങ്ങളില്‍ സഞ്ചരിക്കുക. അവസാനം കാശിയിലെത്തിച്ചേരുക. അവിടെ കാശിവിശ്വനാഥനെ ഭജിച്ച് ഭജനമിരുന്നാലും.
പിന്നീട് ബ്രഹ്മലോകത്ത്‌പോയി അങ്ങയുടെ പിതാവിനോട് ശിവമഹിമയെക്കുറിച്ച് ചോദിച്ചറിയുക. അങ്ങയുടെ അച്ഛന്‍ ശിവഭക്തരില്‍ ശ്രേഷ്ഠനാണ്. ഇപ്രകാരം പറഞ്ഞശേഷം ശിവനെസ്തുതിച്ചുകൊണ്ട് വിഷ്ണു അന്തര്‍ധാനം ചെയ്തു. ശക്തന്മാരായ രക്ഷകരുണ്ടെങ്കിലും അഹങ്കാരിയായ ഒരുവന്‍ അതില്‍ ദുരാനുഭവം അനുഭവിച്ചേതീരൂ. കുറ്റംചെയ്യുന്നവരെ ചിലപ്പോള്‍ ശിക്ഷിച്ച് രക്ഷിക്കേണ്ടിവരും. രക്ഷകര്‍ത്താക്കള്‍ വ്യതിചലിക്കുന്നകുട്ടികളെ ശിക്ഷിക്കുന്നത് ഈ നിലയില്‍വേണം കാണാന്‍. ശിവനും വിഷ്ണുവിനും ഒരുപോലെ പ്രീയങ്കരനാണ് നാരദന്‍. മോഹാന്ധകാരത്തില്‍ ആണ്ടുപോയ അദ്ദേഹത്തെ വിജ്ഞാനത്തിലേക്കു തിരിച്ചുകൊണ്ടുവരുവാനുള്ള ആസൃതവത്സലന്മാരായ ഈശ്വരന്മാരുടെ രക്ഷാപ്രവര്‍ത്തനമാണ് നാരദനെ പീഢിപ്പിച്ചതിന്റെ പിന്നിലെ പൊരുള്‍.
Discussion about this post