കോട്ടയം: സ്വകാര്യ കച്ചവടക്കാര്‍ അമിതവില ഈടാക്കുന്നതാണു സംസ്ഥാനത്ത് അരിവില വര്‍ദ്ധിക്കുന്നതിന് കാരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിച്ച 25 സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകളുടെയും, ആറുമാസത്തിനകം 100 നീതിമെഡിക്കല്‍ സ്റോറുകള്‍ക്കു തുടക്കംകുറിക്കുന്ന ശതകം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ഫെഡ്, സിവില്‍സ് സപ്ളൈസ് എന്നിവയിലൂടെ വിപണിയില്‍ ഇടപെട്ട് അരിവില നിയന്ത്രിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖ്യപങ്കാണു വഹിക്കുന്നത്. ന്യായ വിലക്ക് അരി ലഭ്യമാക്കുന്നതടക്കം വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടു വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കുമെന്ന് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെ താക്കോല്‍ദാനവും ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. എല്ലാ സാധനങ്ങള്‍ക്കും കൃത്രിമമായി വിലവര്‍ധിപ്പിച്ചു സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അധ്യക്ഷപ്രസംഗം നിര്‍വഹിച്ച മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 4,000 ക്രിസ്മസ് ചന്തകളും 280 പച്ചക്കറിച്ചന്തകളും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ഞിക്കുഴിയില്‍ ആരംഭിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും നീതി മെഡിക്കല്‍ സ്റോറിന്റെയും ഉദ്ഘാടനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ത്രിവേണി പ്ളം കേക്കിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് വൈസ് പ്രസിഡന്റ് എന്‍. സുദര്‍ശന്‍ ആദ്യവില്പന നിര്‍വഹിച്ചു. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലെ ആദ്യവില്പന കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുര്യന്‍ ജോയിയും നീതിമെഡിക്കല്‍ സ്റോറിലെ ആദ്യവില്പന ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസും നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി ജി. നായര്‍ തുടങ്ങിവര്‍ സംസാരിച്ചു.
Discussion about this post