ശബരിമല: പമ്പാ ആക്ഷന്‍ പ്ളാന്‍ ഉടന്‍ നടപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ശബരിമല സന്ദര്‍ശനത്തിനു ശേഷം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. താന്‍ എംപി ആയിരുന്ന കാലത്ത് കാര്യക്ഷമമായി നടത്തിയ പ്രവര്‍ത്തനത്താല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെടുപ്പിച്ചിരുന്നു. അതോടെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ നദീ സംരക്ഷണ അഥോറിറ്റി (എന്‍ആര്‍സിഎ) രൂപീകരിക്കുകയും പ്രധാനമന്ത്രി നേരിട്ട് തന്നെ അതില്‍ അംഗമാക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ 70 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും എന്ന തോതില്‍ സംയുക്തമായി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. മൊത്തം 385 കോടി രൂപയുടെ ഈ പദ്ധതിയ്ക്ക് ആദ്യഗഡുവായി 19.5 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയും മാറി മാറി വന്ന സര്‍ക്കാരുകള്‍ കാട്ടുന്ന അവഗണനയും മൂലം പദ്ധതിക്കായി അനുവദിച്ച ആദ്യഗഡു പോലും പത്തു വര്‍ഷമായിട്ടും ഇതേവരെ ഉപയോഗിക്കാനായിട്ടില്ലെന്നും രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. സര്‍ക്കാരുകള്‍ മാറി വന്നിട്ടും പമ്പയോടുള്ള ക്രൂരമായ അവഗണന തുടരുകയാണ്.അടിയന്തരമായി നദീ സംരക്ഷണം നടപ്പാക്കണം. ആക്ഷന്‍ പ്ളാനുമായി ബന്ധപ്പെട്ട് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കൂടി ഊര്‍ജിതമാക്കാനുള്ള ശ്രമം നടത്തിയാല്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പട്ടണങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം കൂടി സാധ്യമാകും. നദിക്കരയില്‍ പുല്‍മേട് വച്ചു പിടിപ്പിക്കുക, പമ്പയുടെ കൈവഴികളുടെ പുനരുദ്ധാരണം തുടങ്ങിയവയെല്ലാം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.ഏറെ ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് മുന്‍ സംസ്ഥാന സര്‍ക്കാര്‍ പമ്പാ നദീതട അതോറിറ്റി രൂപീകരിച്ചെങ്കിലും പിന്നീട് ഒന്നും ചെയ്തില്ല.കുറ്റകരമായ അനാസ്ഥയാണിക്കാര്യങ്ങളിലെല്ലാം കാണുന്നത്. പമ്പ മലിനമാണെന്നും നദി ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മധ്യതിരുവിതാംകൂര്‍ ജനജീവിതവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ് പമ്പാ നദീ സംരക്ഷണം.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.
Discussion about this post