തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വെങ്ങാനൂരില്‍ കൊടിയേറി. വെളളായണി കാര്‍ഷിക കോളേജ് മൈതാനത്ത് ജില്ലാ കളക്റ്റര്‍ കെ.എന്‍. സതീഷ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്. മുഖ്യവേദിയായ നീലകേശി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. റൂഫസ് ഡാനിയേല്‍, വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗലത്തുകോണം രാജു, കൗണ്‍സിലര്‍ എച്ച്. സുകുമാരി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ജയന്തകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
നീലകേശി ആഡിറ്റോറിയം വെങ്ങാനൂര്‍ അയ്യന്‍കാളി സ്മാരക യു.പി.എസ്. ഗേള്‍സ് എച്ച്.എസ്.എസ്., വി.പി. എച്ച്എസ്.എസ്. ബോയ്‌സ് എന്നീ നാല് വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകള്‍, നാല് മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വിവിധ മത്സരങ്ങളില്‍ വിജയികളായ പ്രതിഭകളാണ് ജില്ലാ കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ആദ്യദിനം കേരളോത്സവ വേദിയില്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, കഥകളികള്‍ തുടങ്ങിയ നൃത്ത മത്സരങ്ങള്‍ നീലകേശി ആഡിറ്റോറിയത്തില്‍ അരങ്ങേറി. വെളളായണി കാര്‍ഷിക കോളേജ് സ്റ്റേഡിയം, സെന്‍ട്രല്‍ സറ്റേഡിയം, പിരപ്പന്‍കോട് നീന്തല്‍കുളം, വി.പി.എസ്.എച്ച്.എസ്.എസ്. സ്റ്റേഡിയം വെങ്ങാനൂര്‍ എന്നിവിടങ്ങളിലായാണ് അത്‌ലറ്റിക്‌സ് ഷട്ടില്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടന്നത്. രചനാ മത്സരങ്ങള്‍ ചിത്രരചനാ മത്സരങ്ങള്‍, ഉപകരണ സംഗീതം എന്നിവ മറ്റ് വേദികളില്‍ അരങ്ങേറി.
Discussion about this post